അശോകിനെ മാറ്റിയതിൽ സർക്കാരിന് തിരിച്ചടി

Wednesday 04 June 2025 12:27 AM IST

തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റുമായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിനു അനുകൂലമായി വന്ന ട്രൈബ്യൂണൽ ഉത്തരവ് സർക്കാരിനു തിരിച്ചടിയായി. ഐ.എ.എസുകാരുടെ തർക്കത്തിൽ യുവ പക്ഷത്തിനൊപ്പം നിന്ന അശോകിനോട് സീനിയേഴ്സിൽ ചിലർക്ക് അതൃപ്തിയുണ്ടായിരുന്നു.

ലോകബാങ്കിന്റെ 1655.85കോടി വായ്പകിട്ടുന്ന 2365.5കോടിയുടെ 'കേര'പദ്ധതിയിലെ ഉന്നതപദവികൾക്കായി വകുപ്പുകളുടെ തമ്മിലടിയെയും അശോക് എതിർത്തിരുന്നു., പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുല്യമായ പദവിയല്ലാത്ത കമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്തേക്ക് മാറ്റിയതിനു പിന്നിൽ ഈ വിദ്വേഷമാണെന്ന് ആരോപണമുയർന്നിരുന്നു.

ഐ.എ.എസ് കേഡറിന് പുറത്തുള്ള തസ്തികയിലേക്ക് മാറ്റുമ്പോൾ ഉദ്യോഗസ്ഥന്റെ സന്നദ്ധത ആരാഞ്ഞിട്ടില്ലാത്തതിനാൽ അശോകിന്റെ മാറ്റം ചട്ടവിരുദ്ധമാണെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിയമനം ട്രൈബ്യൂണൽ റദ്ദാക്കിയത്. തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ ഔപചാരികമായി രൂപീകരിക്കുകയോ സ്റ്റാഫ്ഘടന നിശ്ചയിക്കുകയോ ചെയ്യുംമുൻപായിരുന്നു ജനുവരിയിൽ നിർബന്ധിത സ്ഥലംമാറ്റം. കമ്മിഷനിൽ ചുമതലയേൽക്കാനാവില്ലെന്ന് അശോക് രേഖാമൂലം ചീഫ്സെക്രട്ടറിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കേസുകൊടുത്തത്.

ഐ.എ.എസുകാരെ കമ്മിഷൻ, ട്രൈബ്യൂണലാക്കുന്നതിന് കേന്ദ്രാനുമതി ആവശ്യമുണ്ടായിരുന്നു. അശോകിന് കേന്ദ്രത്തിൽ സീനിയർ അഡിഷണൽ സെക്രട്ടറി റാങ്കുള്ളതിനാൽ പ്രധാനമന്ത്രിയുടെ അനുമതിയോടെയല്ലാതെ കമ്മിഷനായി നിയമനം അസാദ്ധ്യമാണ്. ജോയിന്റ് സെക്രട്ടറി വരെയുള്ളവരുടെ ഫയലുകൾ പഴ്സണൽ സഹമന്ത്രിയും, അതിനു മുകളിലുള്ളവരുടെ ഫയൽ പഴ്സണൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുമാണ് അംഗീകരിക്കേണ്ടത്. കൃഷിവകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിക്ക് പുറമെ, കാർഷികോത്പാദന കമ്മിഷണർ, കാബ്കോ എം.ഡി, കാർഷിക സർവകലാശാലാ വൈസ്ചാൻസലർ പദവികളും അശോകിനായിരുന്നു. നിയമനാധികാരിയായ ഗവർണർക്കാണ് വി.സിയെ മാറ്റാനുള്ള അധികാരം.അതേ സമയം ഉയർന്ന റാങ്കിലേക്ക് പോകാനുള്ള അശോകിന്റെ അവസരം തടസ്സപ്പെടുത്താനുള്ള നീക്കം ഇതിനു പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നു..