17,000 രൂപയുടെ സൈക്കിൾ തൊണ്ടിമുതൽ കടത്തി
തൊടുപുഴ: തൊണ്ടിമുതലായ 17,000 രൂപയുടെ സ്‌പോർട്സ് സൈക്കിൾ കടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ തൊമ്മൻകുത്ത് സ്വദേശി കെ. ജെയ്‌മോനാണ് സസ്പെൻഷൻ. പൊലീസിലെ ഭരണകക്ഷി അനുകൂല സംഘടനാ നേതാവു കൂടിയായ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവുമുണ്ടാകും. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്‌ണു പ്രദീപാണ് നടപടിയെടുത്തത്.
സി.സി ടിവി ദൃശ്യങ്ങളാണ് തെളിവായത്. സംഭവം ഒതുക്കാനുള്ള ശ്രമങ്ങളും പാളി. തൊടുപുഴ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് കടത്തിയത്. കാരിക്കോട് സ്വദേശിയുടെ വീട്ടിൽനിന്ന് മോഷണം പോയ റബർഷീറ്റും സ്‌പോർട്സ് സൈക്കിളും പൊലീസ് കണ്ടെടുത്ത് കോടതി നിർദ്ദേശപ്രകാരമാണ് സ്റ്റേഷനിൽ സൂക്ഷിച്ചത്. കഴിഞ്ഞ മാസം 18ന് സൈക്കിൾ കാണാതായി. മോഷണ വസ്തുക്കൾ തിരികെ ലഭിക്കാൻ ഉടമ കോടതിയെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കടത്തിയത് ജെയ്‌മോനാണെന്ന് വ്യക്തമായി. ഒത്തുതീർപ്പിന്റെ ഭാഗമായി സൈക്കിൾ 24ന് സ്റ്റേഷനിൽ തിരിച്ചെത്തിച്ചു. ഇയാൾക്കെതിരെ നടപടിയെടുക്കാതിരിക്കാൻ ഉന്നത ഇടപെടലുകളുണ്ടായി. സംഭവം വിവാദമായതോടെയാണ് നടപടിയെടുത്തത്. ജെയ്‌മോനെ ഇടയ്ക്ക് വീടിന് സമീപത്തെ കാളിയാർ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിൽ തുടരുകയായിരുന്നു.