നാലാം ഗേറ്റ് ചെളിക്കുളം

Wednesday 04 June 2025 12:46 AM IST
കോ​ഴി​ക്കോ​ട് ​നാ​ലാം​ ​ഗേ​റ്റി​ലെ​ ​വെ​ള്ള​ക്കെ​ട്ട്

കോഴിക്കോട് : മഴ ചാറിയാൽ മതി നാലാം ഗേറ്റ് പരിസരം ചെളിക്കുളമാകും. കാലവർഷം തുടങ്ങിയപ്പോൾ തന്നെ റോഡ് വെള്ളത്തിലാണ്. പി.ടി ഉഷ റോഡ് മുതലുള്ള ഭാഗത്ത് കുഴിയേത്, റോഡേതെന്ന് തിരിച്ചറിയാത്ത അവസ്ഥയിലാണ് . കണ്ണൂർ റോഡിനെയും ബീച്ച് റോഡിനെയും ബന്ധിപ്പിക്കുന്ന നാലാം ഗേറ്റ് – പി.ടി.ഉഷ റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്. നാലാം ഗേറ്റ് ജംഗ്ഷനിൽ നിന്ന് കെ.പി.കേശവമേനോൻ റോഡ്, ചെറൂട്ടി – ഗാന്ധിപാർക്ക് റോഡിലും റെയിൽവേ ഗേറ്റിനു സമീപത്തും വലിയ വെള്ളക്കെട്ടുണ്ട്. നഗരത്തിൽ നിന്ന് ബീച്ച് ഭാഗത്തേക്കു തിരക്കില്ലാതെ പോകാമായിരുന്ന റോഡായിരുന്നു ഇത്. വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും യാത്ര ദുരിതമായി. കാൽനടയാത്രക്കാർക്കും കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.

റെയിൽവേ കുരുക്കിൽ

മുടങ്ങി റോഡ് നവീകരണം

കൃത്യമായ ഡ്രെെനേജ് സംവിധാനമില്ലാത്തതാണ് ചെറിയ മഴയിൽ പോലും റോഡിൽ വെള്ളം നിറയുന്നതിന്റെ പ്രധാനകാരണം. റെയിൽവേയുടെ എൻ.ഒ.സി ലഭിക്കാത്തതാണ് ഇവിടുത്തെ ജോലികൾ മുടങ്ങുന്നതിന്റെ പ്രധാന കാരണം. ഒരു മാസത്തിനകം സാങ്കേതിക തടസങ്ങളെല്ലാം നീക്കി അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാർഡ് കൗൺസിലർ കെ. റംലത്ത് പറഞ്ഞു.

ഓവർ ബ്രിഡ്ജ് പെരുവഴിയിൽ

വലിയ ഗതാഗതക്കുരുക്കുള്ള പ്രദേശമായതിനാൽ ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനും റെയിൽവേയുടെ അനുമതി വേണം. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമുൾപ്പെടെയുള്ള പ്രദേശമായതിനാൽ സാങ്കേതിക പ്രശ്നങ്ങളുൾപ്പെടെ നിലവിലുണ്ട്. ദിനംപ്രതി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണമുൾപ്പെടെ പരിശോധിച്ച ശേഷം മാത്രമേ റെയിൽവേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.

'' നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ്. പി.ടി ഉഷ റോഡ് നവീകരത്തിനായി ഫണ്ടുൾപ്പെടെ പാസായെങ്കിലും നടന്നില്ല. താത്കാലികമായി ടാർ ചെയ്യാതെ ശാസ്ത്രീയമായ പഠനത്തിനുശേഷം റോഡ് നിർമാണം നടത്തേണ്ടത് ആവശ്യമാണ്.

- കെ. റംലത്ത്, മൂന്നാലിങ്കൽ വാർഡ് കൗൺസിലർ