കസ്റ്റഡി മർദ്ദനം: എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ
Wednesday 04 June 2025 1:49 AM IST
പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വിട്ട പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ കോയിപ്രം എസ്.എച്ച്.ഒ ജി. സുരേഷ്‌കുമാറിന് സസ്‌പെൻഷൻ. പ്രതിക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പുല്ലാട് വരയന്നൂർ സ്വദേശി സുരേഷാണ് മരിച്ചത്. കഞ്ചാവ് ബീഡി വലിച്ചതിനാണ് കഴിഞ്ഞ മാർച്ച് 16 ന് കോയിപ്രം പൊലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്ത് വിട്ട സുരേഷിനെ മാർച്ച് 22നാണ് കോന്നി ഇളകൊള്ളൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് വ്യക്തമായത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. സംഭവം ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.