തൃണമൂൽ പത്രിക തള്ളി, അൻവർ സ്വതന്ത്രൻ

Wednesday 04 June 2025 12:52 AM IST

മലപ്പുറം: നിലമ്പൂരിൽ പി.വി.അൻവറിന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല. തൃണമൂൽ സ്ഥാനാർത്ഥിയായി നൽകിയ പത്രിക വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി തള്ളി. അതേസമയം, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മറ്റൊരു പത്രിക അംഗീകരിച്ചു. തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ പത്തുപേർ ഒപ്പിടണം. എന്നാൽ, അൻവർ സമർപ്പിച്ച പത്രികയിൽ ഒരു ഒപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതോടെയാണ് പത്രിക തള്ളിയത്.

പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സാങ്കേതിക തടസമുള്ളതിനാൽ സ്വതന്ത്രനായി മറ്റൊരു പത്രിക കൂടി അൻവർ നൽകിയിരുന്നു. പത്രികയിൽ സൂക്ഷ്മ പരിശോധന നടത്തിയ പെരിന്തൽമണ്ണ സബ് കളക്ടർ ഓഫീസിൽ അൻവർ നേരിട്ടെത്തിയിരുന്നു. ത്രിപുരയിലും അസാമിലും പാർട്ടിയുടെ കത്തിന്റെ പുറത്ത് അനുവദിച്ചിട്ടുണ്ടെന്ന ധൈര്യത്തിലാണ് ഇങ്ങനെയൊരു ശ്രമം നടത്തിയതെന്ന് അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വാതിൽ തുറക്കില്ല:

വി.ഡ‌ി. സതീശൻ

അൻവറിന് മുന്നിൽ അടച്ച വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യു.ഡി.എഫിന്റെ അഭിമാനത്തിന് വില പറയാൻ ആരെയും സമ്മതിക്കില്ല. അൻവറിന്റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ല. പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും കൂടി ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അത്. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമാണ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ചർച്ച തുടരുന്നതിൽ അർത്ഥമില്ലെന്ന് ഇരുവരും വ്യക്തമാക്കിയെന്നും സതീശൻ പറഞ്ഞു.