ഇ.മൊബിലിറ്റിയിൽ പിൻവാതിൽ നിയമന നീക്കം

Wednesday 04 June 2025 12:56 AM IST

തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ അനർട്ടിന്റെ സംരംഭമായ ഇ.മൊബിലിറ്റി പദ്ധതിയിൽ പിൻവാതിൽ നിയമനത്തിന് നീക്കം.ഇ.വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ നിർമ്മാണവും പരിപാലനവും നടത്തുന്ന പദ്ധതിയിലേക്ക് ടെക്നീ്ഷ്യൻമാരെ ജില്ലാ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലാണ് ക്രമക്കേട് .

ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ അനർട്ട് ചെയർമാൻ കൂടി പങ്കെടുത്ത അനർട്ട് ഡയറക്ടർ ബോർഡ് തീരുമാനപ്രകാരം ഇ.മൊബൈലിറ്റിയിൽ നിയമനം നടത്തേണ്ടത് ഊർജ്ജ മിത്രയിൽ നിന്നാണ്. സർക്കാരിന്റെ തന്നെ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള സോളാർ അനുബന്ധ പ്ളാന്റുകളുടെ പരിപാലനത്തിനുള്ളതാണ് ഊർജ്ജമിത്ര. സംസ്ഥാനത്ത് 140 അസംബ്ളി മണ്ഡലങ്ങളിലുമുളള ഊർജ്ജമിത്രയിലെ ജീവനക്കാരിൽ നിന്നോ,

എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയോ നിയമനം നടത്താനായിരുന്നു ബോർഡ് തീരുമാനം.

എന്നാൽ, ഊർജ്ജമിത്ര വെഞ്ചേഴ്സ് എന്ന സ്ഥാപനമുണ്ടാക്കി അതിന്റെ മറിവിൽ കൊച്ചിയിലെ സ്വകാര്യസ്ഥാപനമായ റിന്യൂവബിൾ എനർജി കെയർ എന്ന സ്ഥാപനമാണ്

നിയമനം നടത്തുന്നത്.ഇത് നിയമ വിരുദ്ധമാണ്.

17500രൂപ അടിസ്ഥന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ഇ.മൊബലിറ്റിയിലെ ടെക്നിഷ്യൻമാർക്ക് . നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഊർജ്ജ മിത്ര ജീവനക്കാരുടെ അവസരമാണ് നഷ്ടമാകുന്നത്.അനർട്ട് നേരിട്ട് നടത്തുന്ന സംസ്ഥാനത്തെ 35 ഇ.ചാർജ്ജിംഗ് സ്റ്റേഷനുണ്ട്.ഇവയുടെ പരിപാലനത്തിന് പുറമെ ഭാവിയിലെ മറ്റ് പദ്ധതികൾക്കും വേണ്ടിയാണ് ഇ.മൊബലിറ്റിയിൽ ടെക്നിഷ്യൻമാരെ നിയമിക്കുന്നത്.

ഊർജ്ജമിത്ര

ജനങ്ങൾക്ക് അനുയോജ്യമായ വൈദ്യുത ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിനും സ്ഥാപിക്കുന്നതിനും സാങ്കേതികസഹായങ്ങൾക്കും ഉപകരണങ്ങളുടെ സമയബന്ധിത പരിപാലനത്തിന് ഉതകുന്ന സേവനങ്ങൾ നൽകാനുമായി സർക്കാർ 2023ൽ തുടങ്ങിയതാണ് ഊർജ്ജമിത്ര. അക്ഷയ ഊർജ്ജ സർവീസ് സെന്ററുകൾ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലുമുണ്ട്.