റോഡുനീളെ വെള്ളം, കുഴി നടുവൊടിഞ്ഞ് യാത്ര
കോഴിക്കോട്: നേരത്തെ എത്തിയ കാലവർഷം കനത്തുപെയ്തപ്പോൾ തകർന്നടിഞ്ഞത് നഗര റോഡുകൾ. നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ നിന്ന് വെള്ളമൊഴുകി സർവീസ് റോഡുകളും നശിച്ചു. പലയിടത്തും മാറാത്ത വെള്ളക്കെട്ടാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇതു തന്നെ സ്ഥിതി. വടകര - തണ്ണീർപന്തൽ റോഡും കുറ്റ്യാടി-കോഴിക്കോട് റോഡും പൊട്ടിപ്പൊളിഞ്ഞ് താറുമാറായി. നഗരത്തിൽ ഏറ്റവും ദുരിതം പുതിയങ്ങാടി - കുണ്ടൂപ്പറമ്പ് റോഡാണ്. പാതാളക്കുഴികളാണ് പലയിടത്തും. സ്‌കൂൾ തുറന്നതോടെ കുട്ടികളെയും കൊണ്ടോടുന്ന ഓട്ടോകളും ഇരുചക്രവാഹനങ്ങളും അപകടത്തിൽ പെടാത്തത് ഭാഗ്യം കൊണ്ടുമാത്രം. എരഞ്ഞിപ്പാലം മുതൽ ക്രിസ്ത്യൻ കോളേജ് വരെയുള്ള വയനാട് ദേശീയ പാതയുടെ അവസ്ഥയും പരിതാപകരം. മിക്കയിടത്തും റോഡ് കുഴികളായി. നഗരത്തിലെ തിരക്കേറിയ റോഡിലെ കുഴികൾ ഇരുചക്രവാഹനങ്ങളെ വ്യാപകമായി അപകടത്തിൽ ചാടിക്കുന്നുണ്ട്. ഡി.സി.സി ഓഫീസിനും ക്രിസ്ത്യൻ കോളേജ് ജംഗ്‌ഷനുമിടയിലായി രൂപപ്പെട്ടിരിക്കുന്നത് നിരവധി കുഴികളാണ്. മഴ പെയ്താൽ കുഴി തിരിച്ചറിയാനാകാതെ വാഹന യാത്രക്കാർ നന്നേ പാടുപെടുകയാണ്. കോഴിക്കോട് - കണ്ണൂർ റോഡിലെ വിവിധയിടങ്ങളും സമാന സ്ഥിതിയിലാണ്.
മഴയൊന്ന് മാറിയാൽ ഉടൻ നഗര റോഡുകളുടെ അറ്റകുറ്റപ്പണി നടത്തും. തകർന്ന റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രധാന റോഡുകൾ കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം. അങ്ങിനെ വരുമ്പോൾ ടാറിംഗിലെ തകരാറും പ്രശ്നങ്ങളുമെല്ലാം പരിഹരിക്കപ്പെടും. മാനാഞ്ചിറയിലെ വെള്ളക്കെട്ടിനും ഉടൻ പരിഹാരം കാണും
ഡോ.ബീനാ ഫിലിപ്പ്, മേയർ, കോഴിക്കോട് കോർപ്പറേഷൻ