ശുഭാംശുവിന്റെ ബഹിരാകാശ യാത്ര 10ലേക്ക് മാറ്റി
Wednesday 04 June 2025 12:56 AM IST
തിരുവനന്തപുരം: ഗഗൻയാൻ യാത്രാംഗമായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ളയുടെ ബഹിരാകാശ സ്റ്റേഷനിലേക്കുള്ള യാത്ര 10ലേക്ക് മാറ്റി. 8ന് വൈകിട്ട് 6.41ന് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. രണ്ടുദിവസത്തേക്ക് കൂടി മാറ്റിവച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്പേസ് എക്സിന്റെ ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായാണ് ശുഭാംശുവും ബഹിരാകാശ സഞ്ചാരി പെഗ്ഗിവിറ്റ്സണുമടക്കം നാലംഗസംഘം ഫാൽകൺ 9 റോക്കറ്റിൽ ഇന്റർ നാഷണൽ സ്പെയ്സ് സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നത്. രണ്ടാഴ്ചയാണ് ഇവർ സ്പേസ് സ്റ്റേഷനിൽ ചെലവിടുക. ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു.