ബി. അശോകിന് കൃഷി വകുപ്പിൽ തുടരാം
കൊച്ചി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിനെ തദ്ദേശഭരണ പരിഷ്‌കരണ കമ്മിഷന്റെ അദ്ധ്യക്ഷനാക്കിയ സർക്കാർ ഉത്തരവ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും കാർഷികോത്പാദന കമ്മിഷണറായും അശോകിന് തുടരാനാകും.
ഐ.എ.എസ് കേഡറിന് പുറത്തുള്ള തസ്തികയിലേക്ക് മാറ്റിയത് ചട്ടവിരുദ്ധമാണെന്നാരോപിച്ചുള്ള അശോകിന്റെ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് സുനിൽ തോമസ് അദ്ധ്യക്ഷനും വി. രമ മാത്യു അംഗവുമായ ട്രൈബ്യൂണലിന്റെ ഉത്തരവ്.
അശോകിനെ മാറ്റാൻ 'ഔട്ട് ഒഫ് ദ അജൻഡ"യായാണ് മന്ത്രിസഭ തീരുമാനിച്ചത്. ജനുവരി ഒമ്പതിന് ഉത്തരവിറങ്ങി. എന്നാൽ ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സമ്മതത്തോടെ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. സംസ്ഥാന നടപടി നിയമപരമല്ല. ഐ.എ.എസ് കേഡർ ചട്ടങ്ങളിലെയും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (പേ) ചട്ടങ്ങളിലെയും വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്.
നേരത്തേ ഹർജി പരിഗണിച്ചപ്പോൾ, സ്ഥലംമാറ്റം പ്രാബല്യത്തിലായെന്നും ടിങ്കു ബിസ്വാളിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും കാർഷികോത്പാദന കമ്മിഷണറുടെയും അധികച്ചുമതല നൽകിയെന്നും സർക്കാർ അറിയിച്ചിരുന്നു. ഇത് സി.എ.ടി അംഗീകരിച്ചില്ല. സർക്കാർ ഉത്തരവ് താത്കാലികമായി മരവിപ്പിച്ച് ബി. അശോകിനെ കൃഷിവകുപ്പിൽ തുടരാനും അനുവദിച്ചിരുന്നു.