ഇ.ഡി ഉദ്യോഗസ്ഥരുടെ കോഴക്കേസ്, പണം എത്തിയത് കടലാസ് കമ്പനിയുടെ അക്കൗണ്ടിൽ, മുംബയിലും പരിശോധന നടത്തി
കൊച്ചി: കൈക്കൂലി വാങ്ങി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച കേസിൽ ഇടനിലക്കാരന്റെ ബാങ്ക് അക്കൗണ്ട് കടലാസുകമ്പനിയുടേത്. മുംബയിലെ താനെയിലാണ് ബോറോ കമ്മോഡിറ്റീസ് എന്ന ബോർഡ് മാത്രം തൂക്കിയ സ്ഥാപനമുള്ളത്. ഇതിന്റെ ഉടമകൾക്കും സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല.
ഉടമകളിൽ ഒരാൾ ഡ്രൈവറാണ്. വിജിലൻസ് സംഘം നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കമ്പനിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇ.ഡി ഉദ്യോഗസ്ഥർക്കായി കൈക്കലാക്കിയ പണമെല്ലാം ഈ കമ്പനിയുടെ അക്കൗണ്ടിൽ എത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം താനെയിൽ താമസിച്ചാണ് അന്വേഷണം നടത്തിയത്. ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. രണ്ടാമത്തെ മേൽവിലാസവും വ്യാജമാണ്.
പരാതിക്കാരനായ കൊല്ലത്തെ കശുഅണ്ടി വ്യവസായിക്ക് ഇടനിലക്കാരാണ് 2 കോടി നൽകാൻ ബോറോ കമ്മോഡിറ്റീസിന്റെ ബാങ്ക് അക്കൗണ്ട് നൽകിയത്. 50 ലക്ഷം വീതം നാലുതവണയായി നൽകണമെന്നായിരുന്നു നിർദ്ദേശം. ഈ ബാങ്ക് അക്കൗണ്ടിലേക്ക് നീണ്ട അന്വേഷണമാണ് നിലവിൽ ഷെൽ കമ്പനിയിൽ എത്തി നിൽക്കുന്നത്. ഒന്നാം പ്രതിയായ ഇ.ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറും രണ്ടാം പ്രതിയായ ഇടനിലക്കാരൻ വിൽസനും വ്യാപക തട്ടിപ്പ് നടത്തിയെന്നാണ് വിവരം. മൂന്നാം പ്രതിയായ മുകേഷ് കുമാറിന് ഹവാല ഇടപാടുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇയാളാണ് ബാങ്ക് അക്കൗണ്ടിന് പിന്നിലെന്നാണ് വിവരം.
വിജിലൻസ് മൊഴിയെടുത്തു കേസ് ഒഴിവാക്കാൻ ഇ.ഡി വൻതുക കൈക്കൂലി ആവശ്യപ്പെട്ടെന്ന് വിജിലൻസിനെ അറിയിച്ച അഞ്ചു പേരിൽ, 25 ലക്ഷം നൽകിയ എറണാകുളം സ്വദേശിയായ വ്യാപാരിയുടെ മൊഴി രേഖപ്പെടുത്തിയതായി വിവരം. മറ്റ് നാലു പേരുടെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും. അനീഷ് ബാബു വിജിലൻസിനെ സമീപിച്ചതിന് പിന്നാലെയാണ് ഇവരും കൈക്കൂലി ആവശ്യപ്പെട്ട കാര്യം തുറന്നുപറയാൻ തയ്യാറായത്. ഏജന്റുമാരുടെ സഹായിയായിരുന്ന മൂന്നാം പ്രതി ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരുടെ ഐഫോണിൽ നിന്ന് വിജിലൻസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഒഴിവാക്കാൻ സമീപിച്ചു, വൻകേസിന് വഴിതുറന്നു ആഫ്രിക്കയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കശുഅണ്ടി ഇറക്കുമതി ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 24.73 കോടി തട്ടിയെന്ന് അനീഷിനെതിരെ പൊലീസ് കേസുണ്ടായിരുന്നു. ഈ കേസിൽ ഇ.ഡി പ്രാഥമിക അന്വേഷണം നടത്തുകയും പരാതിക്കാരനെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ ഇ.ഡി കേസിൽ നിന്നും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ ഇയാളെ സമീപിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം അനീഷ് വിജിലൻസിനെ അറിയിക്കുകയും ഇടനിലക്കാരെ കൈയോടെ പിടികൂടുകയുമായിരുന്നു.