പാഠപുസ്തക, യൂണിഫോം വിതരണം പൂർത്തിയാക്കണം: ജെ.ജി.പി.എസ്.എച്ച്.എ
Wednesday 04 June 2025 12:51 AM IST
മലപ്പുറം: ജില്ലയിൽ പാഠപുസ്തകത്തിന്റെയും സ്‌കൂൾ യൂണിഫോമിന്റെയും വിതരണം എത്രയും വേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ഗവ. പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്‌റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭൂരിഭാഗം സ്‌കൂളുകളിലും ഇപ്പോഴും ഇവ പൂർണമായി ലഭിച്ചിട്ടില്ല. നാലോ അഞ്ചോ സെറ്റ് യൂണിഫോം തുണികൾ എത്തേണ്ട സ്‌കൂളുകളിൽ മിക്കവാറും ഇടങ്ങളിൽ ഒരു സെറ്റ് തുണി മാത്രമാണ് എത്തിച്ചിട്ടുള്ളത്. യൂണിഫോമും പുസ്തകങ്ങളും എന്ന് ലഭിക്കുമെന്ന് രക്ഷിതാക്കളോട് പറയാൻ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് കെ. സി. മൊയ്തീൻ കുട്ടി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. എം. മുസ്തഫ സംസാരിച്ചു.