പ്രചാരണത്തിരക്കിൽ സ്ഥാനാർത്ഥികൾ

Wednesday 04 June 2025 12:52 AM IST
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.മോഹൻ ജോർജ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് ഇന്നലെ രാവിലെ 8.30ന് പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരിയിൽ തുടക്കമായി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മൂന്നിന് വഴിക്കടവ് പഞ്ചായത്തിലെ പര്യടനം ആരംഭിച്ചു. പി.വി.അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, എം.വിൻസെന്റ്, പി.കെ.ബഷീർ, ഷാഫി പറമ്പിൽ എം.പി, പി.കെ.ബഷീർ, അൻവർ സാദത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയി, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം പങ്കെടുത്തു. വൈകിട്ട് മൂന്നിന് മുണ്ട പാലത്തിങ്ങലിലും തുടർന്ന് മുണ്ട പള്ളിക്കുത്തിലുമെത്തി വോട്ടർമാരെ കണ്ടു. മുണ്ട അങ്ങാടി, തെക്കേ പാലാട്, മണിമൂളി, നെല്ലിക്കുത്ത്, രണ്ടാം പാടം എന്നിവിടങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് രാത്രി ഏഴിന് ആലപൊയിൽ, പൂവത്തിപൊയിൽ, ആനമറി, വഴിക്കടവ് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം 9.30ന് പഞ്ചായത്ത് അങ്ങാടിയിൽ പര്യടനം അവസാനിപ്പിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം.സ്വരാജിന്റെ ആദ്യ റൗണ്ട് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പോത്തുകൽ പഞ്ചായത്തിലെ വെള്ളിമുറ്റം, മുരുകാഞ്ഞിരം, പാതാർ, പൂളപ്പാടം സ്‌കൂൾപടി, പനങ്കയം, തുടിമുട്ടി, ഭൂദാനം, ശാന്തിഗ്രാം, തമ്പുരാട്ടിക്കല്ല്, മുണ്ടേരി, അമ്പുട്ടാംപൊട്ടി, വെളുമ്പിയംപാടം, കുനിപ്പാല, പോത്തുകൽ, ഞെട്ടിക്കുളം, ആനക്കല്ല്, ചെമ്പംകൊല്ലി, ഉപ്പട, കോടാലിപൊയിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. മണ്ടേരി ഫാമിലെ തൊഴിലാളി സംഗമത്തിൽ പങ്കെടുത്തു. പാദുവാ നഗർ പ്രാർത്ഥനാ കേന്ദ്രം സന്ദർശിച്ചു. എം.സ്വരാജിനോടൊപ്പം പി.കെ.സൈനബ, ടി.രവീന്ദ്രൻ, പി.ഷബീർ, എൻ.ആദിൽ, സഹീർ പരപ്പൻ, പി.പി.രാജു, കെ.വിദ്യാ രാജൻ, എം.എ .തോമസ്, സലീം കുമാർ, എൻ.രേണുക എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.മോഹൻ ജോർജ് നിലമ്പൂർ കോവിലകം സന്ദർശിച്ച് തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു. ആദ്യകാല ജനസംഘം സ്ഥാപക നേതാവും ബി.ജെ.പിയുടെ മലബാറിലെ സമുന്നത നേതാവുമായിരുന്ന ടി.എൻ ഭരതന്റെ കുടുംബാംഗങ്ങളായ ശ്രീധരൻ തമ്പാൻ, ദേവി തമ്പാട്ടി തുടങ്ങിയവരെ കണ്ട് അനുഗ്രഹം വാങ്ങി.