കപ്പൽ ദുരന്തം: ഇന്ധനം നീക്കൽ നടപടികൾക്ക് ഇന്ന് തുടക്കം
കൊച്ചി: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3ൽ നിന്ന് ഇന്ധനം വീണ്ടെടുക്കുന്ന ദൗത്യത്തിന്റെ നിർണായക നടപടികൾ ഇന്ന് ആരംഭിക്കും. പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെയാണിത്. കപ്പലിന്റെ ടാങ്കിൽ ചോർച്ച വരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം സ്ഥാപിക്കലാണ് ആദ്യപടി. തുടർന്ന് അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിച്ച് ഇന്ധനം മുകളിലേക്ക് പമ്പ് ചെയ്ത് ടാങ്കിലേക്ക് മാറ്റും. ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ സാന്നിദ്ധ്യത്തിൽ തയ്യറാക്കിയ ആക്ഷൻ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ദൗത്യം.
450 ടൺ ഇന്ധനമാണ് കപ്പലിന്റെ ടാങ്കിലുള്ളത്. ഏഴ് ദിവസം നീളുന്ന പ്രാരംഭ നടപടികൾ കാലാവസ്ഥ അനുകൂലമാണെങ്കിൽ 10ന് പൂർത്തിയാകും. 13ന് ഇന്ധനം നീക്കുന്ന നടപടികൾ പൂർണ്ണ തോതിൽ ആരംഭിക്കും. ജൂലായ് മൂന്നിനകം ഇന്ധനം വീണ്ടെടുക്കലാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കപ്പലിൽനിന്ന് വോയേജ് ഡാറ്റ റെക്കാഡർ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് നാളെ തുടക്കമാകും.
ഇതിൽ നിന്ന് കപ്പൽ അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. കപ്പലിന്റെ വേഗം, ദിശ, ക്രൂ മെമ്പർമാരുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും. അമേരിക്കൻ കമ്പനിയായ ടി ആൻഡ് ടി സാൽവേജിന്റെ നാല് ടഗ്ഗുകൾ കപ്പൽമുങ്ങിയ സ്ഥലത്തുണ്ട്. ഇവർ സർവേയും എണ്ണനീക്കലും നടത്തിവരികയാണ്.
കണ്ടെയ്‌നറുകൾ
സുരക്ഷിത കേന്ദ്രത്തിലേക്ക്
തീരത്തടിഞ്ഞ 53 കണ്ടെയ്‌നറുകൾ നീക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു. ഇതിൽ ഭൂരിഭാഗവും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തീരത്തടിഞ്ഞ മാലിന്യങ്ങൾ നീക്കുന്ന നടപടികളും പുരോഗമിക്കുന്നു. എത്രയും വേഗം ഇവ നീക്കി തീരം വൃത്തിയാക്കണമെന്നാണ് കപ്പൽക്കമ്പനിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.