കൊങ്കൺ റെയിൽവേ ഇനി പേരിൽ മാത്രം
തിരുവനന്തപുരം: കൊങ്കൺ റെയിൽവേ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കുന്നു. പാത കടന്നുപോകുന്ന സംസ്ഥാനങ്ങളായ കേരളവും കർണാടകയും ഗോവയും മഹാരാഷ്ട്രയും ഓഹരികൾ റെയിൽവേയ്ക്ക് കൈമാറി. കൊങ്കൺ റെയിൽവേ എന്ന പേര് നിലനിറുത്താമെന്ന വ്യവസ്ഥയോടെയാണ് ഇന്ത്യൻ റെയിൽവേ ഏറ്റെടുക്കുന്നത്. ടിക്കറ്റ് നിരക്കിൽ 40% കുറവുണ്ടാകും.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കൊങ്കൺ റെയിൽവേയ്ക്ക് പാത ഇരട്ടിപ്പ്, വൻ സാമ്പത്തിക ചെലവ് വരുന്ന വർഷം തോറുമുള്ള അറ്റകുറ്റപ്പണികൾ എന്നിവ ചെയ്യാൻ കഴിയാതെവരുന്ന സാഹചര്യത്തിലാണ് കൈമാറ്റം.
51ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റേതാണ്. ശേഷിക്കുന്നവയിൽ 22% മഹാരാഷ്ട്രയ്ക്കായിരുന്നു.കർണാടകയ്ക്ക് 15%ഉം കേരളത്തിനും ഗോവയ്ക്കും 6% വീതവും ഓഹരിയുണ്ട്. മഹാരാഷ്ട്രയ്ക്ക് 396.54 കോടി രൂപയും കേരളത്തിനും ഗോവയ്ക്കും 90 കോടിയോളം രൂപയും കിട്ടും.കർണാടകയ്ക്ക് 202കോടി കിട്ടും.
3555 കോടി രൂപയായിരുന്നു കൊങ്കൺ നിർമാണച്ചെലവ്. കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കുന്നത് പാതയിരട്ടിപ്പിക്കൽ വേഗത്തിൽ പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാനാകും.