കെട്ടിയിട്ട് മർദ്ദനം: പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

Wednesday 04 June 2025 2:26 AM IST

പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ വിവസ്ത്രനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. പ്രതികളായ റെജിൻ മാത്യു, വിഷ്ണു എന്നിവർക്കാണ് മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികൾ മർദ്ദനമേറ്റ സിജുവിനെയോ സാക്ഷികളെയോ ബന്ധപ്പെടാനോ, ഭീഷണിപ്പെടുത്താനോ പാടില്ല.

അതേസമയം, കോടതി തങ്ങളുടെ ഭാഗം കേട്ടില്ലെന്നും നിയമ നടപടി തുടരുമെന്നും മർദ്ദനമേറ്റ സിജുവിന്റെ അച്ഛൻ വേണു പ്രതികരിച്ചു. പ്രതികളിൽ നിന്ന് വധഭീഷണിയുണ്ട്. ചികിത്സയിലുള്ള സിജുവിന് പകരം പിതാവ് വേണുവാണ് കോടതിയിൽ ഹാജരായത്. മകന്റെ മദ്യപാനം നിറുത്തിച്ച് സാമൂഹിക ജീവിയാക്കി മാറ്റണമെന്ന് കോടതി പിതാവിനോട് നിർദ്ദേശിച്ചു. പ്രതികൾ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ശരിയായില്ലെന്നും മദ്യപിച്ച് ഒരാൾ സ്വബോധത്തിലല്ലാതെ എന്തെങ്കിലും ചെയ്താൽ അർധനഗ്നനാക്കി കെട്ടിയിട്ട് മർദിക്കലല്ല ശിക്ഷയെന്നും കോടതി ചൂണ്ടിക്കാട്ടി.