വാതിൽ പൊളിച്ച് മോഷണം, കെെയിൽ ആയുധങ്ങൾ; ശബരിമല വനമേഖലയിൽ അജ്ഞാത സംഘം
Wednesday 04 June 2025 8:30 AM IST
പത്തനംതിട്ട: ശബരിമല വനമേഖലയിൽ ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ സാന്നിദ്ധ്യം. പതിവായി ഇവർ വനമേഖലയിലെത്തുന്നതായി നാട്ടുകാർ പറയുന്നു. തമിഴ്‌നാട്ടിൽ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നും സൂചനയുണ്ട്. അജ്ഞാത സംഘം ശബരിമല വനാതിർത്തികളിലെ വീടുകളിൽ നിന്ന് പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കൾ എന്നിവ മോഷ്ടിക്കുന്നതായാണ് പരാതി.
ആങ്ങാമൂഴി, വാലൂപ്പാറ, കൊച്ചു കോയിക്കൽ, ഗുരുനാഥൻ മണ്ണ് എന്നിവിടങ്ങളിൽ മോഷണം നടന്നു. സംഭവത്തിൽ ഇതുവരെ പൊലീസും വനംവകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളിൽ കടക്കുന്നത്. സംഭവം അന്വേഷിച്ച് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.