'8,500 രൂപ വേണോ എന്നോടൊപ്പം ഡേറ്റിന് വരണോ?' വിദേശ വനിതയെ ഞെട്ടിച്ച് യുവാവിന്റെ മറുപടി, അഭിനന്ദനപ്രവാഹം

Wednesday 04 June 2025 11:01 AM IST

ഒരു ബിരിയാണി മുഴുവൻ കഴിച്ചാൽ ആയിരം രൂപ തരാമെന്നും, 30 സെക്കൻഡ് കൊണ്ട് ഫ്രീയായി പെട്രോളടിക്കാമെന്നുമൊക്കെ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ ജനങ്ങൾക്ക് മുന്നിലെത്താറുണ്ട്. ഇത്തരത്തിൽ വിചിത്രമായ പല ട്രെൻഡുകളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്.

അത്തരത്തിൽ വിദേശിയായ ഇൻഫ്ളുവൻസർ റൂബി ഹെക്സ് യുവാവിന് നൽകിയ ഓഫറാണ് ഇപ്പോൾ വൈറലാകുന്നത്. സൈക്കിളിൽ ഇരിക്കുകയായിരുന്ന ഹരിയാൻവി എന്ന യുവാവിനടുത്തേക്ക് ഇൻഫ്ളുവൻസർ എത്തുകയാണ്. 'നിനക്ക് 8,500 രൂപ വേണോ അതോ എന്നോടൊപ്പം ഡേറ്റിന് വരണോ?' എന്നായിരുന്നു യുവതിയുടെ ചോദ്യം.

മുമ്പ് ചോദിച്ച മിക്ക ആളുകളും പണമാണ് തിരഞ്ഞെടുക്കുന്നത്. പക്ഷേ ഹരിയാൻവിയുടെ മറുപടി അപ്രതീക്ഷിതവും ഹൃദയം കവരുന്നതുമായിരുന്നു. യുവതിയുടെ ഓഫർ കേട്ടയുടൻ യുവാവ് സഹോദരനെ വിളിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് സഹോദരനോട് ചോദിച്ചു. 'ഒരു പെൺകുട്ടി 100 ഡോളർ (8,500 രൂപ) വേണോ അതോ അവളുമായി ഒരു ഡേറ്റിന് പോകണോ എന്ന് ചോദിക്കുന്നു. ഞാൻ എന്ത് തിരഞ്ഞെടുക്കണം?'- എന്നായിരുന്നു സഹോദരനോട് ചോദിച്ചത്.

സഹോദരനുമായുള്ള സംഭാഷണത്തിനുശേഷം, രണ്ട് ഓപ്ഷനുകളും നിരസിച്ചുകൊണ്ട് ആ കുട്ടി എല്ലാവരെയും ഞെട്ടിക്കുന്നു. 'രണ്ടും വേണ്ട,' അയാൾ പറഞ്ഞു. ഇതുകേട്ടതും യുവതി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇതുവരെ ആരും തന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു. അരക്കോടിയിലേറെപ്പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.