തിരുവനന്തപുരം കണ്ണാശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; കണ്ണ് മാറി കുത്തിവയ്പ്പ് എടുത്തു, ഡോക്‌ടർക്ക് സസ്‌പെൻഷൻ

Wednesday 04 June 2025 11:56 AM IST

തിരുവനന്തപുരം: സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്‌ച, കണ്ണിന് കുത്തിവയ്പ്പ് മാറിയെടുത്തതായി പരാതി. ഇടതുകണ്ണിലെടുക്കേണ്ട കുത്തിവയ്പ്പ് വലതുകണ്ണിലെടുക്കുകയായിരുന്നു. സംഭവത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ നൽകുന്ന ചികിത്സയാണ് മാറിപ്പോയത്.

51 വയസുള്ള ബീമാപ്പള്ളി സ്വദേശിനിയായ അസൂർ ബീവിയാണ് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവിനിരയായത്. കഴിഞ്ഞ ഒരാഴ്‌ചയായി ഇവർ കണ്ണാശുപത്രിയിൽ ചികിത്സ തേടി വരികയായിരുന്നു. കാഴ്‌ച മങ്ങലിനെത്തുടർന്ന് ഇടതുകണ്ണിനായിരുന്നു ചികിത്സ തേടിയത്. തുടർന്ന് കണ്ണിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൂന്നാം തീയതിക്ക് മുൻപായി ഇടത് കണ്ണിൽ കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോ. സുജീഷ് നിർദേശിക്കുകയും ചെയ്തു. പിന്നാലെ രോഗിയും ബന്ധുക്കളും തിങ്കളാഴ്ച ആശുപത്രിയിലെത്തി. അന്ന് ഇടതുകണ്ണ് വൃത്തിയാക്കുകയും മറ്റും ചെയ്തിരുന്നു.

കണ്ണ് ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്ന് ലഭിക്കാത്തതിനാൽ ഡോക്‌ടറുടെ നിർദേശപ്രകാരം ഒരു വ്യക്തിക്ക് ഗൂഗിൾ പേയിലൂടെ 6000 രൂപ അയച്ചുകൊടുത്തതായി അസൂർ ബീവിയുടെ മകൻ പറയുന്നു. തുടർന്ന് മരുന്ന് എത്തിക്കുകയും ചെയ്തു. എന്നാൽ കുത്തിവയ്പ്പ് എടുത്തപ്പോൾ ചികിത്സ ലഭിക്കേണ്ട കണ്ണിനുപകരം വലതുകണ്ണിലെടുക്കുകയായിരുന്നു. പിന്നാലെ ബന്ധുക്കൾ സൂപ്രണ്ടിനും ഡയറക്‌ടർക്കും പരാതി നൽകിയതിനെത്തുടർന്നാണ് ഡോക്‌ടറെ സസ്‌പെൻഡ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി രോഗിയിൽ നിന്നും ബന്ധുക്കളിൽ നിന്നും താമസിയാതെ മൊഴിയെടുക്കുമെന്നാണ് വിവരം.

ചികിത്സ ലഭിക്കേണ്ട കണ്ണിന് കുത്തിവയ്പ്പ് എടുക്കുന്നതിൽ തീരുമാനമായില്ലെന്നും 12ാം തീയതി എത്താൻ ആശുപത്രി അധികൃതർ പറഞ്ഞതായും അസൂർ ബീവിയുടെ മകൻ പറഞ്ഞു. കണ്ണിന്റെ രോഗാവസ്ഥ ഇപ്പോഴും തുടരുകയാണ്. മാറി കുത്തിവയ്പ്പ് എടുത്ത കണ്ണിന് പ്രശ്‌നമുണ്ടാകാനുള്ള സാദ്ധ്യതയില്ലെന്ന് അധികൃതർ പറഞ്ഞതായും മകൻ അറിയിച്ചു.