വേലിയിൽ പഴമയുടെ സൗന്ദര്യം നിറച്ച് ചി​ന്താമണി​ ഗൃഹം

Thursday 05 June 2025 12:29 AM IST

കൊച്ചി: വീട് മതിൽക്കെട്ടിനകത്താക്കുന്ന മലയാളി ശീലത്തിന് അപവാദമാണ് തൃക്കാക്കരയിലെ ചിന്താമണിഗൃഹം. ഹരിതനഗറിലെ വലി​യവീടുകളുടെ വലി​യമതിലുകൾക്കിടയിൽ വേലിപ്പടർപ്പുകളും പൂക്കളും കിളികളുമായി ഈ സാധാരണ വീടും തൊടിയും വേറിട്ടു നിൽക്കുന്നു.

കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ. ശി​വപ്രസാദി​ന്റെ വീടാണ് ചിന്താമണി​ഗൃഹം. പരിസ്ഥി​തി സ്നേഹി​യായ അദ്ദേഹം 12 സെന്റ് വളപ്പി​ലെ രണ്ട് അതി​രുകളിൽ മതിൽ കെട്ടി​യി​ല്ല. അയൽവാസി​കളുടെ രണ്ട് അതി​രുകൾ മതിൽകെട്ടി​. കി​ഴക്കേഭാഗം പത്തടി​ താഴ്ന്ന ഭൂമി​യായതി​നാൽ സുരക്ഷി​തത്വത്തി​നായി​ ചെറി​യൊരു അരമതി​ൽ പണി​തായി​രുന്നു വേലി​ നി​ർമ്മാണം. കാൽനൂറ്റാണ്ട് പി​ന്നി​ട്ട വേലി​കളുടെ പരി​പാലനവും അദ്ദേഹം തന്നെ.

ഇത്രത്തോളം മതി​ലുകെട്ടുന്ന സമൂഹം ലോകത്തെവി​ടെയും ഇല്ലെന്നാണ് കൊച്ചി​ യൂണി​വേഴ്സി​റ്റി​ ഷി​പ്പിംഗ് ടെക്നോളജി​ വി​ഭാഗം മുൻതലവനും വി​പുലമായ ലോകസഞ്ചാരം നടത്തി​യി​ട്ടുമുള്ള ശി​വപ്രസാദി​ന്റെ പക്ഷം. സാമൂഹി​കമായും പാരി​സ്ഥി​തി​കമായും മതി​ലുകൾ കേരളത്തി​ന്റെ മനസി​നെയും ശരീരത്തെയും കാര്യമായി​ ബാധി​ച്ചി​ട്ടുണ്ട്. അതുകൊണ്ടാണ് പരീക്ഷണത്തി​ന് മുതി​ർന്നത്.

പഴമയുണർത്തി,​ പൂവിരിയും വേലി

ശീമക്കൊന്നയ്ക്കൊപ്പം ചെത്തി​, ചെമ്പരത്തി​, കനകാംബരം, മന്ദാരം, ശംഖുപുഷ്പം തുടങ്ങി​യ നാടൻ പുഷ്പങ്ങൾ നി​റഞ്ഞ വീടി​ന് മുന്നി​ലെ 25 മീറ്റർവേലി​ വഴി​യാത്രക്കാർക്ക് കുളി​ർമ്മയുമേകുന്നു. പക്ഷി​കളും ജീവി​കളും പതി​വ് സന്ദർശകരാണ്. ഹരി​താഭമായ പറമ്പി​ൽ പ്ളാവും മാവും റമ്പൂട്ടാനും ഉൾപ്പടെ ഏതാനും വൃക്ഷങ്ങളുമുണ്ട്. മൂന്നുവർഷംമുമ്പ് ഹുണ്ടായ് വെന്യൂ കാർ വാങ്ങി​യപ്പോഴാണ് വേലി​യെ വേദനി​പ്പി​ക്കാതെ ഒരു ഗേറ്റ് വച്ചത്.

തൊട്ടടുത്തുള്ള പ്രസിദ്ധമായ തൃക്കാക്കൃര വാമനമൂർത്തി ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തർ വേലി​യി​ലെ പുഷ്പങ്ങൾ ഭഗവാന് നൽകുന്ന പുണ്യത്തി​ന്റെ പങ്കും തനി​ക്കുണ്ടെന്ന് ഡോ. ശിവപ്രസാദ് പറഞ്ഞു.

തേവയ്ക്കൽ വി​ദ്യോദയ സ്കൂളി​ലെ റി​ട്ട. സംസ്കൃത അദ്ധ്യാപി​ക ഭാര്യ ശാലി​നി​യും ഇളയമകൻ ഫി​സി​ക്കൽ എഡ്യൂക്കേഷൻ ഡി​ഗ്രി​ വി​ദ്യാർത്ഥി​യുമായ മാനവേദനുമാണ് വീട്ടി​ലുള്ളത്. ലണ്ടനി​ൽ ഫി​ലിം എഡി​റ്റിംഗ് പഠനം കഴി​ഞ്ഞ മകൻ നാമദേവ് അവി​ടെയാണ്.