തദ്ദേശ തിര. പരാതി നൽകാനുള്ള സമയം നീട്ടണം: സണ്ണി ജോസഫ്
Wednesday 04 June 2025 7:48 PM IST
തിരുവനന്തപുരം: ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള സമയം 11 വരെ നീട്ടണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഡീലിമിറ്റേഷൻ കമ്മിറ്റി ചെയർമാന് കത്തുനൽകി. കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ട തീയതി മേയ് 27 ആയിരിക്കെ 31ന് അർദ്ധരാത്രിയിലായിരുന്നു അത് പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത ദിവസമാണ് പൊതുജനം ഇതറിയുന്നത്. പരാതികൾ നൽകാൻ നിശ്ചയിച്ചിരുന്ന അവസാന തീയതി ജൂൺ 7 ആയിരുന്നു. ഇതിനിടയിൽ ഞായറും ബക്രീദ് അവധിയും ചേർന്ന് രണ്ടുദിവസം നഷ്ടമാകും. ഫലത്തിൽ അഞ്ചുദിവസം മാത്രമാണ് ലഭിക്കുന്നത്. അതിനാൽ പരാതി നൽകാൻ ചുരുങ്ങിയത് പത്തുദിവസം ലഭിക്കത്തക്കവിധം അവസാന തീയതി പുനഃക്രമീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.