കിഴക്കിന്റെ വികസന പ്രതീക്ഷയ്ക്ക് ചൂളംവിളി ശബരിപാത വരും
കൊച്ചി: രണ്ടര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കുമൊടുവിൽ ശബരി റെയിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസന പ്രതീക്ഷകൾക്ക് ചൂളംവിളിയാകുന്നു. ജില്ലയുടെ മലയോര, കാർഷിക മേഖലകളിലൂടെ ഇടുക്കി ജില്ല കടന്ന് എരുമേലി വരെ നീളുന്ന പാത, അങ്കമാലി മുതൽ കാലടി വരെയെത്തി വർഷങ്ങളായി സ്തംഭിച്ചിരിക്കുകയാണ്. ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥലങ്ങൾ ക്രയവിക്രയം നടത്താൻ കഴിയാതെ വലയുന്ന ജനങ്ങൾക്ക് പുതിയ തീരുമാനം ആശ്വാസമാണ്. സ്ഥലം ഏറ്റെടുക്കൽ പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കേന്ദ്രസംഘം ജില്ലയിലെത്തും. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലോടെ സ്ഥലമെടുപ്പ് വീണ്ടും ആരംഭിക്കും. കാലടി വരെയുള്ള സ്ഥലമെടുപ്പാണ് പൂർത്തിയായത്. ബാക്കി സ്ഥലങ്ങൾ ഏറ്റെടുക്കാൻ 'ഫോർ വൺ' വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ മരവിപ്പിച്ചതിനാൽ ക്രയവിക്രയം നടത്താനാകാതെ 28 വർഷമായി ഭൂവുടമകൾ വിഷമത്തിലായിരുന്നു. എതിർപ്പില്ലാതെ സ്ഥലം നൽകാൻ തയ്യാറായവരാണ് ബഹുഭൂരിപക്ഷവും. സ്ഥലം ഏറ്റെടുക്കുന്നതോടെ ബാക്കി വിനിയോഗിക്കാനും ലഭിക്കുന്ന വില ഉപയോഗിക്കാനും ഉടമകൾക്ക് കഴിയും.
കാർഷിക, വ്യവസായിക മേഖലകൾക്ക് ഉണർവ് കാർഷിക, വ്യവസായിക, തീർത്ഥാടന പ്രാധാന്യമുള്ള മേഖലകളിലൂടെയാണ് ശബരിപാത കടന്നുപോകുന്നത്. വാഴക്കുളം മുതൽ ഇടുക്കി അതിർത്തിയായ കരിങ്കുന്നം വരെയുള്ള മേഖലയിലെ പൈനാപ്പിൾ വ്യാപാരം, മലയോരമേഖലയിലെ മലഞ്ചരക്കുകൾ, റബ്ബർ, പെരുമ്പാവൂരിലെ തടി വ്യവസായം, കാലടിയിലെ അരിമില്ലുകൾ തുടങ്ങിയവയ്ക്ക് പാത വലിയ സഹായമാകും. ചരക്കുനീക്കത്തിന് പ്രയോജനം ചെയ്യും. എരുമേലയിൽനിന്ന് പുനലൂർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചാൽ ചരക്കുനീക്കത്തിൽ വൻകുതിപ്പിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ടൂറിസം മേഖലയ്ക്കും നേട്ടം ചരക്കുനീക്കത്തിന് പുറമെ തീർത്ഥാടന, ടൂറിസം മേഖലകൾക്കും ശബരിപാത വളർച്ച സമ്മാനിക്കും. അയൽസംസ്ഥാനങ്ങളിൽ നിന്ന് വടക്കൻ ജില്ലകളിൽ നിന്നുമുള്ള ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് പാത. കാലടി, മലയാറ്റൂർ, കോതമംഗലം എന്നീ പ്രദേശങ്ങളിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ശബരിപാതയിലൂടെ എളുപ്പത്തിൽ എത്താൻ കഴിയും. ജില്ലയുടെ കിഴക്കൻ മേഖലയിലെ ടൂറിസം മേഖലയിലേക്കും സഞ്ചാരികൾക്ക് പാത പ്രയോജനം ചെയ്യും.
പ്രധാന നാൾവഴികൾ
അനുമതി 1996-97ൽ
ജില്ലയിൽ 48 കിലോമീറ്റർ
നിർമ്മാണത്തുടക്കം 2001 ഡിസംബർ 7
ട്രാക്ക് നിർമ്മിച്ചത് 7 കിലോമീറ്റർ
നിർമ്മിച്ച സ്റ്റേഷൻ കാലടി
കാലടിയിൽ പെരിയാറിൽ പാലം
ജില്ലയിലെ സ്റ്റേഷനുകൾ
അങ്കമാലി
കാലടി
പെരുമ്പാവൂർ
ഓടക്കാലി
കോതമംഗലം
മൂവാറ്റുപുഴ
വാഴക്കുളം
സ്ഥലം വിട്ടുകൊടുക്കാൻ സ്വമേധയാ തയ്യാറായ ജനങ്ങൾക്ക് പുതിയ തീരുമാനം ഏറ്റവും ആശ്വാസം നൽകുന്നതാണ്. പാത പൂർത്തിയായാൽ ജില്ലയുടെ കിഴക്കൻ മേഖലയ്‌ക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.
ബാബു പോൾ (മുൻ എം.എൽ.എ)
ജനറൽ കൺവീനർ
ശബരി ആക്ഷൻ കൗൺസിൽ ഫെഡറേഷൻ