പൂരം കലക്കൽ: അന്തിമ റിപ്പോർട്ട് ഉടൻ

Thursday 05 June 2025 1:56 AM IST

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനു വീഴ്ച സംഭവിച്ചോയെന്ന് അന്വേഷിക്കുന്ന ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഉടൻ അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന അജിത്കുമാർ ദിവസങ്ങൾക്കു മുൻപേ തൃശൂരിലുണ്ടായിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂര സ്ഥലത്ത് എത്തിയില്ലെന്നതടക്കം പ്രാഥമിക റിപ്പോർട്ട് നേരത്തേ ഡിജിപി സർക്കാരിന് നൽകിയിരുന്നു. പൂരം മുടങ്ങിയ സമയത്ത് എഡിജിപിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും പ്രശ്‌നസാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് മന്ത്രി കെ.രാജൻ മൊഴി നൽകിയത്. .

പൂരത്തിൽ പ്രശ്നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നതായി അജിത് ഡി.ജി.പിക്ക് മൊഴി നൽകിയിട്ടുണ്ട്. രാത്രി 10.30 വരെ മന്ത്രി വിളിച്ചപ്പോൾ സംസാരിച്ചു. പൂരം തടസമില്ലാതെ നടക്കാനുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകുകയും ചെയ്തു. എന്നാൽ, രാത്രി 12നു ശേഷം താൻ ഉറങ്ങിപ്പോയി. പിറ്റേന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നാണ് മൊഴി.