അവർ 2000പേർ, നട്ടത് 60 ലക്ഷം വൃക്ഷത്തൈ  ഇന്ന് പരിസ്ഥിതി ദിനം

Thursday 05 June 2025 12:02 AM IST
വയനാട് പുത്തുമലയിൽ നടന്ന വൃക്ഷങ്ങൾ നടുന്നവരുടെ സംഗമത്തിൽ ഉരുൾപൊട്ടലിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആൽമരത്തെെ വിദ്യാർത്ഥിനിയായ റൂഹി മൊഹസാബ് ഖനി നടുന്നു

കോഴിക്കോട്: ഉരുൾപൊട്ടലും മണ്ണിടിച്ചിലും തടയാൻ സ്വന്തം ചെലവിൽ ഒരു കൂട്ടം പ്രകൃതി സ്നേഹികൾ പൊതുസ്ഥലങ്ങളിലടക്കം 11 വർഷത്തിനിടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നട്ടത് 60 ലക്ഷം വൃക്ഷത്തൈകൾ. കേരളം, തമിഴ്നാട്, കർണാടകം, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഒഡീഷ തുടങ്ങി വിവിധയിടങ്ങളിൽ നിന്ന് ഈ ദൗത്യത്തിൽ കണ്ണികളായവർ രണ്ടായിരത്തിലേറെ. ഒരു പ്രത്യേക സംഘടനയുടെ കീഴിലല്ല ഇവരുടെ പ്രവർത്തനം.

കോ- ഓർഡിനേറ്റർ എന്ന നിലയിൽ പെരിയാർ കടുവ സങ്കേതം മുൻ സാമൂഹ്യ ശാസ്ത്രജ്ഞൻ എസ്.ഗുരുവായൂരപ്പനാണ് കൂട്ടായ്മയെ നയിക്കുന്നത്. ഫോണിലൂടെയടക്കം ബന്ധപ്പെട്ടാണ് പ്രവർത്തനം. 2014ലാണ് കൂട്ടായ്മ എന്ന രീതിയിൽ വൃക്ഷത്തൈകൾ നട്ടുതുടങ്ങിയത്. 2015ൽ പാലക്കാട്ട് ആദ്യ ദേശീയസംഗമം നടത്തിയിരുന്നു. പതിനൊന്നാം വാർഷിക സംഗമം ഇക്കൊല്ലം വയനാട്ടിലെ ചൂരൽമല, മുണ്ടക്കെെ പ്രദേശത്ത് വൃക്ഷത്തൈകൾ നട്ട് നടത്തി. തമിഴ്നാട്, പോണ്ടിച്ചേരി, കർണാടകം എന്നിവിടങ്ങളിൽ സംഗമം നടത്തിയതും തെെകൾ നട്ടായിരുന്നു.

മണ്ണിനെയും പാറയെയും വേരിന്റെ പടർപ്പുകൊണ്ട് പിടിച്ചുനിറുത്തുന്ന ആൽ, നീർമരുത്, താന്നി തുടങ്ങിയവയാണ് കൂടുതലും നടുന്നത്. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിന്റെ സഹകരണത്തോടെ തരിശുഭൂമിയിൽ വനമുണ്ടാക്കി. കഴിഞ്ഞ വർഷം സൈലന്റ് വാലി ദേശീയോദ്യാനത്തിൽ ഭവാനിപ്പുഴയുടെ തീരങ്ങളിലും ദ്വീപുകളിലും വൃക്ഷത്തൈകൾ നട്ടിരുന്നു.

വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ നടുന്ന തൈകളുടെ പരിപാലനവും കൂട്ടായ്മ ഉറപ്പാക്കുന്നു.

ഒരാളിൽ നിന്ന് തുടക്കം

പരിസ്ഥിതി പ്രവർത്തകൻ കൂടിയായ എസ്.ഗുരുവായൂരപ്പനാണ് കൂട്ടായ്മയുടെ നട്ടെല്ല്. സ്വന്തം നിലയിൽ തൈകൾ വച്ചുപിടിപ്പിച്ചു തുടങ്ങിയ അദ്ദേഹം സൃഹൃത്തുക്കളേയും പരിസ്ഥിതി പ്രവർത്തകരെയടക്കം ബന്ധപ്പെട്ടാണ് കൂട്ടായ്മ വിപുലീകരിച്ചത്.