ഹേമ കമ്മിറ്റി: തെറ്റിദ്ധാരണ പരത്തുന്നെന്ന് മന്ത്രി സജി ചെറിയാൻ

Thursday 05 June 2025 1:05 AM IST

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടപടികൾ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി പ്രത്യേകം താത്പര്യമെടുത്താണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെല്ലാം എടുത്തിട്ടുണ്ടെന്നും മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയവർക്ക് താത്പര്യമില്ലാത്ത കേസുകൾ അവസാനിപ്പിക്കാൻ പൊലീസ് തീരുമാനമെടുത്തത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.സിനിമാനയം വന്നതും നിയമനിർമ്മാണം നടത്തുന്നതും അടുത്തമാസം കോൺക്ലേവ് നടത്താൻ തീരുമാനിച്ചതും റിപ്പോർട്ടിലെ നിർദ്ദേശങ്ങളുടെ ഭാഗമായാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല കമന്റുകൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.