സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കണം

Thursday 05 June 2025 1:16 AM IST

കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസ് വിചാരണയ്ക്ക് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. വിചാരണ നടപടികൾ പക്ഷപാതരഹിതമാകാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളും കേസിലെ സാക്ഷികളായ കെ. റിയാസ്, ഇ. നൗഷാദ് എന്നിവരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. തീരുമാനമാകുംവരെ വിചാരണ നടപടികൾ നീട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ക്വട്ടേഷൻസംഘം നടത്തിയ ഹീനമായ രാഷ്ട്രീയ കൊലപാതകമാണ് ഷുഹൈബിന്റേതെന്നും അതിനാൽ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർക്ക് സ്വതന്ത്രമായ നിലപാടെടുത്ത് കേസ് നടത്താൻ സാധിക്കില്ലെന്നും നീതി ലഭിക്കില്ലെന്നും ഹർജിയിൽ പറയുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ സർക്കാരിന് കഴിഞ്ഞ മാർച്ചിൽ നിവേദനം നൽകിയെങ്കിലും തീരുമാനമെടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് നിവേദനം പരിഗണിച്ച് നടപടിയെടുക്കാൻ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകിയത്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്.