റെയിൽവേ പാർക്കിംഗ് പകൽക്കൊള്ള ചിലയിടങ്ങളിൽ ഫീസ് വീണ്ടും കൂട്ടി
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഫീസ് കൊള്ള. ജൂൺ ഒന്നു മുതൽ ചിലയിടങ്ങളിൽ നിരക്ക് വീണ്ടും വർദ്ധിപ്പിച്ചു. 12 മണിക്കൂർ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ചില കേന്ദ്രങ്ങളിൽ ഈടാക്കുന്നത് 30 രൂപ മുതൽ മുകളിലേക്ക്. കാറുകൾക്ക് 70-80 രൂപവരെ വാങ്ങുന്നുണ്ട്. 12 മണിക്കൂർ കഴിഞ്ഞാൽ അധികഫീസ് ഇടാക്കും. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് 600 രൂപയായി ഉയർത്തിയ കേന്ദ്രങ്ങളുമുണ്ട്.
സ്ഥിരമായി ട്രെയിൻ യാത്ര നടത്തുന്ന ജീവനക്കാരടക്കമാണ് കൂടുതലും ഇതിന് ഇരയാകുന്നത്. അതേസമയം, തിരുവനന്തപുരം തമ്പാനൂർ സ്റ്റേഷനിലടക്കം ചിലയിടങ്ങളിൽ വർദ്ധന വരുത്തിയിട്ടില്ല. കരാറുകാർക്കാണ് പാർക്കിംഗ് കേന്ദ്രം നടത്തിപ്പ് നൽകിയിരിക്കുന്നത്. ഒരു മാനദണ്ഡവുമില്ലാതെയാണ് പല സ്റ്റേഷനുകളിലും കരാറുകാർ ഫീസ് കൂട്ടിയത്.
മേൽക്കൂരയില്ല,
ഇന്ധനം ഊറ്റലും
ഫീസ് ഉയർത്തിയെങ്കിലും പാർക്കിംഗ് കേന്ദ്രങ്ങളിലെ സൗകര്യങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. പലയിടങ്ങളിലും പാർക്കിംഗ് കേന്ദ്രത്തിന് മേൽക്കൂര ഇല്ല. പേരിന് ക്യാമറ ഉണ്ടെങ്കിലും ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്ന സംഭവങ്ങളുണ്ടാകുന്നു. ഇരുചക്രവാഹനങ്ങളിൽ നിന്നടക്കം സാമൂഹ്യവിരുദ്ധർ പെട്രോൾ ഊറ്റുന്നത് തടയാനും കരാറുകാർക്കാവുന്നില്ല.