വേണുഗോപാലിന്റെ പ്രസ്താവന വെല്ലുവിളി: സി.പി.എം
തിരുവനന്തപുരം: കേരളത്തിലെ 62 ലക്ഷം കുടുംബങ്ങൾക്ക് നിത്യവൃത്തിക്കായി സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ കൈക്കൂലിയെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിന്റെ പ്രസ്താവന ജനത്തോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. പ്രസ്താവന പിൻവലിച്ച് വേണുഗോപാൽ കേരളത്തോട് മാപ്പ് പറയണം.
കേരളത്തിന് അർഹമായ വിഹിതം തടഞ്ഞതും കിഫ്ബിയടക്കം പദ്ധതികളെ സംസ്ഥാന വായ്പാപരിധിയിൽ ഉൾപ്പെടുത്തിയതും ഉൾപ്പെടെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയപ്പോഴൊന്നും കോൺഗ്രസ് നേതാക്കളോ പ്രതിപക്ഷമോ കേന്ദ്രത്തിനെതിരെ പ്രതികരിച്ചില്ല. കേരളം ഞെരുങ്ങട്ടെയെന്നായിരുന്നു നിലപാട്. സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ മുണ്ട് മുറുക്കിയുടുക്കണമെന്ന മുൻമുഖ്യമന്ത്രി എ.കെ.ആന്റണിയുടെ പ്രസ്താവന ജനം മറന്നിട്ടില്ല. തോൽവിയും ജയവും തിരഞ്ഞെടുപ്പുകളിൽ സ്വഭാവികമാണ്. അതിന്റെ പേരിൽ പാവങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന് വിളിച്ച് അപഹസിക്കുന്നത് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായാലും അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.