പെരിങ്ങരയ്ക്ക് ദുരിതമായി മഴക്കെടുതിയും വെള്ളക്കെട്ടും
തിരുവല്ല : വികസനത്തിന്റെ പേരിൽ അശാസ്ത്രീയ നിർമ്മാണങ്ങൾ നടത്തിയതിന്റെ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് പെരിങ്ങര നിവാസികൾ. മണ്ണിട്ടുയർത്തി നിർമ്മിച്ച റോഡുകളും പാലങ്ങളും മറ്റു നിർമ്മാണങ്ങളുമെല്ലാം വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ രൂപപ്പെട്ട വെള്ളം പലയിടത്തും ഒഴുകി മാറാതെ കെട്ടിക്കിടക്കുന്നു. പ്രദേശത്തിന്റെ പലഭാഗങ്ങളിലും വെള്ളം ഇറങ്ങിപ്പോകാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. ഇതിനിടെ വീണ്ടും മഴ പെയ്താൽ കാത്തിരിപ്പ് പിന്നെയും നീളും. ചെളിവെള്ളത്തിലൂടെ നീന്തിയാണ് നാട്ടുകാരുടെ യാത്ര. വാഹനങ്ങളും തകരാറിലാകും. കാലവർഷം തുടങ്ങിയാൽ പിന്നെ മാസങ്ങളോളം നീളുന്ന ദുരിതം നാട്ടുകാർക്ക് മടുത്തു. പെരിങ്ങര പഞ്ചായത്ത് ഓഫീസിലും വെള്ളക്കെട്ടാണ്. പെരിങ്ങര -കാരയ്‌ക്കൽ റോഡ്, യമ്മർകുളങ്ങര ഗണപതിക്ഷേത്രം റോഡ്, കാനേകാട്ടുപടി - പുതുക്കുളങ്ങര റോഡ്, വായനശാല - സ്വാമിപാലം റോഡ് എന്നിവയെല്ലാം വെള്ളക്കെട്ടിലായിട്ട് ആഴ്ചകളായി. മുമ്പ് ഇവിടുത്തെ മാതകത്തിൽ തോട്ടിൽ നിന്നുള്ള വെള്ളം നിരവധി വാച്ചാലുകൾ കടന്നു കൂരച്ചാൽ മാണിക്കത്തകിടി പാടശേഖരത്തിൽ എത്തിച്ചേരുമായിരുന്നു. അവിടെനിന്നും വെള്ളം ഒഴുകി ചാത്തങ്കരി തോട്ടിലേക്ക് ഒഴുകിപ്പോയിരുന്നതാണ്. എന്നാൽ ഈ സ്ഥിതിയാകെ മാറി. ഇവിടെയെല്ലാം നിരവധി വീടുകളും അവിടെക്കെല്ലാം വഴിയുമായി. ഇതോടെ പ്രശ്നം സങ്കീർണമായി. ഇതിനിടെയാണ് മറ്റു സ്ഥലങ്ങളിലെയും വെള്ളക്കെട്ട് പ്രശ്നം ഉയർന്നുവന്നത്. പരിഹാരം എങ്ങുമെത്തിയില്ല അഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പെരിങ്ങര പഞ്ചായത്തിലെ 11,12 വാർഡുകളിലെ പ്രദേശങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. വെള്ളക്കെട്ട് പരിഹരിക്കാനായി സംഘം പരിശോധന നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. വെള്ളക്കെട്ട് പതിവാകുന്ന പഞ്ചായത്ത് കാര്യാലയം, പണിക്കോട്ടിൽ ഭാഗം, മറിയപ്പള്ളിൽ ഭാഗം, പെരുഞ്ചാത്ര, മുണ്ടന്താനത്ത് പടി എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു. തോടിന്റെ സ്ഥലനിർണയവും സംഘം നടത്തി. ഇതിനു സമീപത്തെ ഭൂമിയുടെ സർവേ നമ്പരും കണ്ടെത്തി. ലഭ്യമായ വിവരങ്ങൾ എം.എൽ.എയ്ക്കും ജില്ലാ കളക്ടർക്കും നൽകാനും തോടുകൾ വീണ്ടെടുത്ത് നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാനുമെല്ലാം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടപ്പായില്ല.