ഏഴംകുളത്തിന്റെ ഞാറ മുത്തശ്ശി , നൂറ്റാണ്ടിന്റെ പ്രകൃതി വിസ്മയം

Thursday 05 June 2025 12:29 AM IST

ഏഴംകുളം : ഏഴംകുളത്തുകാരുടെ ഞാറ മുത്തശ്ശി പ്രകൃതിയുടെ വിസ്മയ കാഴ്ചയാണ്. ഏഴംകുളം ദേവീക്ഷേത്രത്തിൽ നൂറ്റാണ്ടോളം പഴക്കമുള്ള വൃക്ഷം വിശ്വാസത്തിന്റെ ഭാഗമായി നിലകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഉത്പത്തിക്ക് മുൻപുതന്നെ ഇവിടെ ഞാറ മരം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തലമുറകളുടെ സൗഹൃദ കൂട്ടായ്മകൾക്കും സാക്ഷിയാണ് ഈ മുത്തശ്ശിമരം. ക്ഷേത്രമുറ്റത്തെ ഞാറമരം വലിയ ഒരു ആവാസ വ്യവസ്ഥ കൂടിയാണ്. ദേശാടനക്കിളികളും തത്തയും പാമ്പും തുടങ്ങി സർവ്വ ജീവജാലങ്ങൾക്കും അഭയമാണ് ഈ മുത്തശ്ശി മരം. മരത്തിന് ചുറ്റും തറ കെട്ടിയിട്ടുള്ളതിനാൽ വിശ്രമിക്കാനും സൗഹൃദം പങ്കിടാനും ധാരാളമാളുകൾ എത്തിച്ചേരാറുണ്ട്. മരത്തിലെ ഞാവൽ പഴങ്ങൾക്കും ഏറെ പ്രിയമാണ്. നിലത്ത് മണ്ണിൽമുട്ടി നിൽക്കുന്ന രീതിയിൽ ഇടതൂർന്ന ശിഖിരങ്ങൾ വളർന്ന ഞാറമുത്തശ്ശിയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ പടിഞ്ഞാറു ദിശയിൽ വയലിലൂടെ വരണം. ഒരു വലിയ വടവൃക്ഷമായി പടർന്നു പന്തലിച്ചു ക്ഷേത്രത്തെ പ്രകൃതിയുടെ ഒരു കുട പോലെ സംരക്ഷിക്കുന്ന ഞാറമുത്തശ്ശിയെ കാണാനാകും. പ്രശസ്തമായ ഏഴംകുളം തൂക്കം നടക്കുന്നതും ഈ ഞാറമരത്തിന്റെ ചുവട്ടിലാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ടു നാട്ടിലുള്ള വാമൊഴിക്കഥകളിലും ഞാറമുത്തശ്ശിയുണ്ട്.