കേന്ദ്ര ഫണ്ടുള്ള 5 ദേശീയ പാതകൾക്ക് അംഗീകാരം
ന്യൂഡൽഹി: സംസ്ഥാനം നേരത്തെ സമർപ്പിച്ച, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഫണ്ട് ചെയ്യുന്ന ഏഴ് ദേശീയപാതകളിൽ അഞ്ചെണ്ണത്തിന്റെ വിശദ പദ്ധതി റിപ്പോർട്ടിന് (ഡി.പി.ആർ) അംഗീകാരം ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. രണ്ടെണ്ണത്തിന് രണ്ടു മാസത്തിനുള്ളിൽ അനുമതി നൽകും. എട്ട് വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മന്ത്രി പറഞ്ഞു.
മലപ്പുറത്തു നിന്നും മൈസൂർ വഴി ബംഗളൂരു വരെ നീളുന്ന മൈസൂർ- മലപ്പുറം ഇക്കണോമിക് കോറിഡോർ പദ്ധതിയിൽ വിശദപഠനം നടത്തി അംഗീകാരം നൽകാമെന്ന് ഉറപ്പുലഭിച്ചു. വെല്ലിംഗ്ടൺ ഐലന്റ് - കുണ്ടന്നൂർ ഗ്രീൻഫീൽഡ് കോറിഡോർ, അഴീക്കൽ പോർട്ട് കണക്ടിവിറ്റി പദ്ധതി എന്നിവയ്ക്ക് തത്വത്തിൽ അംഗീകാരം നൽകി. കോതമംഗലം-മൂവാറ്റുപുഴ റോഡ് ഒറ്റ ബൈപ്പാസായി നടപ്പാക്കും.
പുനലൂർ ബൈപ്പാസ് പദ്ധതിക്കും അംഗീകാരമായി. വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കണം. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന രാമനാട്ടുകരയിൽ നിന്ന് തുടങ്ങുന്ന റോഡ് നിർമ്മിക്കാനുള്ള ഡി.പി.ആർ തയ്യാറാക്കാനും നിർദ്ദേശം ലഭിച്ചു.