ഏജീസ് ഓഫീസിൽ ജീവനക്കാരെ വെട്ടിക്കുറച്ചു ശമ്പളവർദ്ധനയും പെൻഷനും അവതാളത്തിൽ
തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ജീവനക്കാരെ വെട്ടിക്കുറച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷനും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളവർദ്ധനയും അടക്കമുള്ള നടപടികൾ അവതാളത്തിലായി. പെൻഷൻ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചുകിട്ടാൻ വൈകും.
പെൻഷനാകുന്നതിന് ആറുമാസം മുമ്പ് സർക്കാർ ജീവനക്കാർ പെൻഷൻ പേപ്പറുകൾ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. ഇൻക്രിമെന്റുകളും പ്രമോഷനുമൊക്കെ കിട്ടുന്ന സമയംകൂടി ആയതിനാൽ ഏറെ ജീവനക്കാർക്കും അതിന് കഴിയാറില്ല. പെൻഷനായിക്കഴിഞ്ഞാൽ കമ്മ്യൂട്ടേഷൻ,ഗ്രാറ്റുവിറ്റി,പെൻഷൻ തുക തുടങ്ങിയവയെല്ലാം കിട്ടണമെങ്കിൽ ഏജീസ് ഓഫീസിലെ അക്കൗണ്ടന്റ് വിഭാഗത്തിൽ നിന്ന് അംഗീകാരം ലഭിക്കണം. ഇതെല്ലാം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. നാലുമുതൽ ആറുമാസം വരെയെടുത്താണ് ഇപ്പോൾ പെൻഷൻ ക്ളിയറൻസ് കിട്ടുന്നത്. ഗസറ്റഡ് ഓഫീസർമാരുടെ പ്രമോഷനും ശമ്പളവർദ്ധനയും അടക്കം എന്ത് മാറ്റങ്ങളുണ്ടായാലും ഏജീസ് ഓഫീസിൽ നിന്ന് പേസ്ളിപ്പ് അനുവദിച്ചു കിട്ടണം. ജീവനക്കാർ കുറഞ്ഞതോടെ ഇതിനു വലിയ കാലതാമസമാണുണ്ടാകുന്നത്. ഏതെങ്കിലും തരത്തിലുള്ള ക്വറികളുണ്ടെങ്കിൽ
അത് തീർക്കാനും വലിയ കാലതാമസമാണുണ്ടാകുന്നത്.
ഏജീസ് ഓഫീസിന് കോട്ടയം,എറണാകുളം, തൃശ്ശൂർ,കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ ഓഫീസുകളുണ്ടെങ്കിലും ജീവനക്കാർ കുറഞ്ഞതോടെ അവിടങ്ങളിലെ ജോലികളെല്ലാം തിരുവനന്തപുരത്തെ സംസ്ഥാന ഓഫീസിലേക്ക് മാറ്റി. ഇവിടെ അക്കൗണ്ടന്റ്,ഓഡിറ്റ് വിഭാഗങ്ങളിലായി 6000ത്തോളം ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ 2000ത്തിൽ താഴെയാണുള്ളത്.
മേയ് 31ന് സംസ്ഥാനസർക്കാർ സർവ്വീസിൽ നിന്ന് മാത്രം 12400ജീവനക്കാർ വിരമിച്ചു. ഇവരുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് അതീവ സമ്മർദ്ദമാണ് ഏജീസ് ഓഫീസ് ജീവനക്കാർ നേരിടുന്നത്. കമ്പ്യൂട്ടർവത്കരണം പൂർത്തിയായ സാഹചര്യത്തിൽ ഭൂരിഭാഗം ജോലികളും സോഫ്റ്റ് വെയർ ഉപയോഗിച്ച് പൂർത്തിയാക്കുന്നതിനാൽ ജീവനക്കാരുടെ സേവനം കൂടുതൽ വേണ്ടിവരില്ലെന്നും അക്കാരണത്താലാണ് ജീവനക്കാരെ കുറച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. അധിക ജോലിയുണ്ടാകുന്ന സാഹചര്യത്തിൽ വിരമിച്ച ജീവനക്കാരെ കൺസൾട്ടന്റുമാരായി നിയമിച്ച് പ്രശ്നം പരിഹരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
ഓഡിറ്റ് സി.എ കാർക്ക്
സംസ്ഥാനസർക്കാരിന്റെ പെർഫോമൻസ് ഓഡിറ്റ്,പൊതുമേഖലാസ്ഥാപനങ്ങളുടെ അവലോകനം, റെവന്യു ഓഡിറ്റ്, സർവ്വീസ് ഓഡിറ്റ് തുടങ്ങിയവ സ്വാകാര്യ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ഏൽപിക്കാനാണ് നീക്കം.ഇത് സി.എ.ജി ഓഡിറ്റിന്റെ മേന്മയും വിശ്വാസ്യതയും കുറയ്ക്കുമെന്ന് ആക്ഷേപമുണ്ട്. ഡാറ്റാ എൻട്രി ജോലികൾക്ക് കരാർ നൽകാനും താഴ്ന്ന തസ്തികകളിൽ കരാർ നിയമനം നടത്താനുമാണ് മറ്റൊരു നീക്കം.