ജയിലിൽ വിരുന്നുണ്ണാൻ ഗുണ്ടകളും ശിങ്കിടികളും

Thursday 05 June 2025 12:04 AM IST

കൊച്ചി: എറണാകുളം ജില്ലാജയിലിലെ വിരമിച്ച ഉദ്യോഗസ്ഥരുടെ യാത്രഅയപ്പ് ചടങ്ങിൽ വിരുന്നുണ്ണാൻ ഗുണ്ടകളും ശിങ്കിടികളും. ഒപ്പം റീൽസ് ഷൂട്ടിംഗും അരങ്ങേറി. ഇവരിലൊരാൾ ഇൻസ്റ്റാഗ്രാമിൽ റീൽസുകൾ പോസ്റ്റ് ചെയ്തതോടെയാണ് ഗുരുതര വീഴ്ച പുറത്തായത്. രഹസ്യാന്വേഷണവിഭാഗം വിവരശേഖരണം തുടങ്ങി. പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ജയിൽവകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങിയതായാണ് വിവരം. മേയ് 31ന് സർവീസിൽനിന്ന് വിരമിച്ച ജില്ലാജയിലിലെ വെൽഫെയർ ഓഫീസർ എറണാകുളം പുത്തൻവേലിക്കര സ്വദേശി ഒ.ജെ. തോമസ്, ഗേറ്റ് കീപ്പറായ കോതമംഗലം സ്വദേശി ടി.എം. പരീത് എന്നിവർ ഒരുക്കിയ വിരുന്ന് സൽക്കാരത്തിലാണ് ഗുണ്ടകൾ പങ്കെടുത്തത്.

ഒ.ജെ. തോമസിന്റെ ക്ഷണം സ്വീകരിച്ചാണ് ഗുണ്ടാനേതാവായ കറുകപ്പിള്ളി സിദ്ദിഖിന്റെ നേതൃത്വത്തിൽ ഒമ്പതംഗസംഘം ജയിലിലെത്തിയത്. സിനിമാനടൻ നാദിർഷയുടെ സഹോദരൻ സമദും ഇവർക്കൊപ്പമുണ്ടായിരുന്നു. കറുകപ്പിള്ളി സ്വദേശികളായ റിയാസ്, ഷഫീഖ്, യാസിർ, ഫറൂഖ്, അഭിജിത്ത് എന്നിവരാണ് ഇവർക്കുപുറമേ വിരുന്നിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് രണ്ടരയോടെ രണ്ട് കാറുകളിലായാണ് സംഘം എത്തിയത്. അരമണിക്കൂറോളം ജയിലിൽ ചെലവഴിച്ചു. ഗുണ്ടകൾ ഒ.ജെ. തോമസിന് പൂച്ചെണ്ടും സമ്മാനിച്ചു. ജയിലിലെ ഹാളിലായിരുന്നു പരിപാടിയെന്നാണ് വിവരം. വനിത ഉദ്യോഗസ്ഥരടക്കം ഇവിടെ ഉണ്ടായിരുന്നു.

ജയിലിൽവച്ച് ചിത്രീകരിച്ച റീൽസ് റിയാസ് കഴിഞ്ഞദിവസമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ജയിലിലെ പ്രധാനഗേറ്റിലൂടെ കാറുകൾ അകത്തുകയറുന്നതും ചെറുവാതിലിലൂടെ ആളുകൾ പുറത്തേക്കു വരുന്നതുമെല്ലാമായിരുന്നു റീൽസിൽ. ഒ.ജെ. തോമസിനൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. സംഭവം ജില്ല ജയിൽ സൂപ്രണ്ടിനും തലവേദനയായി.