പോക്സോ കേസ്: പൊലീസും സി.ഡബ്ളിയു.സിയും ഏറ്റുമുട്ടലിൽ
പത്തനംതിട്ട: പോക്സോ കേസിൽ പ്രതിയായ അഭിഭാഷകനെ സംരക്ഷിക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും (സി.ഡബ്ളിയു.സി) ഏറ്റുമുട്ടലിൽ. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തുകയും പോക്സോ കേസിൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെയും മറ്റൊരു പ്രതിയായ പെൺകുട്ടിയുടെ ബന്ധുവിനെയും സംരക്ഷിക്കാൻ ശ്രമിച്ചതിന് കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറെയും എസ്.എച്ച്.ഒ ശ്രീജിത്തിനെയും സസ്‌പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ സി. ഡബ്ളിയു.സിയെയും കുറ്റപ്പെടുത്തിയിരുന്നു. സി.ഡബ്ലിയു.സി നടപടികൾ വൈകിപ്പിക്കുകയും പൊലീസിന് റിപ്പോർട്ട് കൈമാറുന്നതിന് കാലതാമസം വരുത്തുകയും ചെയ്തെന്നും കണ്ടെത്തി.
പ്രതികൾ കേസ് ഒത്തുതീർപ്പാക്കാൻ സി.ഡബ്ളിയു.സി ഓഫീസിൽ നേരിട്ടു ചെന്നുവെന്നും അതിജീവിതയെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ ഇടപെട്ടന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് വസ്തുതാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ സി. ഡബ്ള്യു.സി ചെയർമാനും സി.പി.എം നേതാവുമായ എൻ.രാജീവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഒത്തുതീർപ്പിന് ഇടനില നിൽക്കാൻ തയ്യാറാകാത്തതിനാലും കൗൺസിലിംഗ് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോയതിനാലുമാണ് പൊലീസ് തങ്ങൾക്കെതിരെ തിരഞ്ഞതെന്ന് സി. ഡബ്ള്യു.സി അംഗങ്ങൾ പറയുന്നു. ഡിസംബർ മൂന്നിന് സി.ഡബ്ല്യു.സിയുടെ മുൻപാകെ നിർഭയയിൽ നിന്നു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. പത്തിന് പെൺകുട്ടിയെ കൗൺസിലിംഗിനു വിധേയയാക്കി. 12ന് സൈക്കോളജിസ്റ്റിനെ ബന്ധപ്പെടുത്തി. 13നു കോന്നി എസ്എച്ച്ഒയ്ക്കു റിപ്പോർട്ട് നൽകുകയും ചെയ്തുവെന്ന് രേഖകളിലുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാതെയാണ് പൊലീസ് റിപ്പോർട്ട് തയാറാക്കിയതെന്ന് അംഗങ്ങൾ വിശദീകരിച്ചു.
അഭിഭാഷകൻ പല സ്ഥലങ്ങളിൽ കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചെന്ന 17കാരിയുടെ പരാതിയിൽ മൂന്നര മാസം നടപടിയെടുക്കാതെ വൈകിപ്പിച്ചതിനാണ് ഡിവൈ.എസ്.പിയെയും എസ്.എച്ച്.ഒയെയും സസ്പെൻഡ് ചെയ്തത്.