പഠനത്തിന് പുസ്തകങ്ങളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞു: ഡോ.എസ്.സോമനാഥ്

Thursday 05 June 2025 12:07 AM IST

തിരുവനന്തപുരം: വിജ്ഞാനത്തിനും പഠനത്തിനും വിദ്യാർത്ഥികൾ പുസ്തകങ്ങളെയും നോട്ടുബുക്കിനെയും ആശ്രയിക്കുന്ന കാലം കഴിഞ്ഞെന്ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്.സോമനാഥ് പറഞ്ഞു.

ഡോ.സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷവും ലഹരി വിരുദ്ധ ബോധവത്ക്കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും ഐ പാഡിൽ കിട്ടുന്ന കാലമാണിത്. അതിന് അനുസരിച്ചുള്ള പരിവർത്തനം സമൂഹത്തിൽ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഡോ എസ്. സോമനാഥ് ഉപഹാരം നൽകി. ഡോ. സുകുമാർ അഴീക്കോട് ദേശീയ ട്രസ്റ്റ് സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സി.പി.എം നേതാവ് പിരപ്പൻകോട് മുരളി മുഖ്യ പ്രഭാഷണം നടത്തി. എന്നും പ്രതിപക്ഷനേതാവയി നിലകൊണ്ട സാംസ്കാരി നായകനായിരുന്നു അഴീക്കോടെന്ന് അദ്ദേഹം പറഞ്ഞു. ഡോ.പി.കെ.ശ്രീകുമാർ,പനവിള രാജശേഖരൻ,ദിനേശ് നായർ തുടങ്ങിയവർ സംസാരിച്ചു.