9-ാം ക്ലാസുകാരനെ സഹപാഠികൾ മർദ്ദിച്ചു 4 പേർക്ക് സസ്പെൻഷൻ
കോഴിക്കോട്: പുതുപ്പാടി ഗവ. ഹെെസ്കൂളിൽ ഒൻപതാം ക്ളാസുകാരനെ പത്താംക്ലാസ് വിദ്യാർത്ഥികൾ അതിക്രൂരമായി മർദ്ദിച്ചു. വലതുകണ്ണിനും തലയ്ക്കും പരിക്കേറ്റ ഒൻപതാം ക്ളാസുകാരൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനത്തിൽ കണ്ണ് കലങ്ങി. തലയ്ക്കു പിന്നിലും ക്ഷതമേറ്റു. സംഭവത്തിൽ പത്താംക്ളാസിലെ നാല് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ക്ലാസിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയാണ് മർദ്ദിച്ചത്. സ്കൂൾ അധികൃതർ വിവരമറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തിയാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത്.
സ്കൂൾ അവധിക്കാലത്ത് വിദ്യാർത്ഥികളുടെ രണ്ട് സംഘങ്ങൾ തമ്മിൽ നിസാര പ്രശ്നത്തെച്ചൊല്ലി വാക് തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് മർദ്ദനമെന്നാണ് വിവരം.
പരിക്കേറ്റ വിദ്യാർത്ഥി പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകി. സംഭവത്തിൽ പൊലീസിനോടും ചെെൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും ചെെൽഡ് വെൽഫയർ കമ്മിറ്റി റിപ്പോർട്ട് തേടി. മർദ്ദിച്ച കുട്ടികളുടെ സാമൂഹ്യ പശ്ചാത്തലം സംബന്ധിച്ചും പൊലീസ് റിപ്പോർട്ട് നൽകും.