ചുമട്ടുതൊഴിലാളിക്ക് സഹപ്രവർത്തകരുടെ സ്നേഹാദരം

Thursday 05 June 2025 12:26 AM IST
വെളുത്ത മണൽ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി ഇസ്മയിൽ കുട്ടിക്ക് യാത്ര അയപ്പ് നൽകാൻ സഹപ്രവർത്തകർ സംഘടിപ്പിച്ച യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: വെളുത്തമണൽ ജംഗ്ഷൻ ഇന്നലെ ഒരു അസാധാരണ യാത്രയയപ്പ് ചടങ്ങിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 20 വർഷമായി ക്വയിലോൺ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) വെളുത്തമണൽ യൂണിറ്റിൽ പ്രവർത്തിച്ചു വന്ന ഇസ്മയിൽകുട്ടിക്ക് സഹപ്രവർത്തകർ സ്നേഹനിർഭരമായ യാത്രഅയപ്പ് നൽകി.

സി.ആർ മഹേഷ് എം.എൽ.എ യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പൊന്നാടയും മെമന്റോയും നൽകി ഇസ്മയിൽകുട്ടിയെ ആദരിക്കുകയും ചെയ്തു. ഒരു ചുമട്ടുതൊഴിലാളിക്ക് സഹപ്രവർത്തകർ ഇത്തരത്തിലൊരു യാത്രഅയപ്പ് നൽകുന്നത് ആദ്യമായിരിക്കുമെന്ന് എം.എൽ.എ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് എ.എ.അസീസ് അദ്ധ്യക്ഷനായി. ജില്ലാ ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസർ ഷാജി, ടി. തങ്കച്ചൻ, അഡ്വ.കെ.എ.ജവാദ്, സൈനുദ്ദീൻ കുഞ്ഞ്, വ്യാപാരി വ്യവസായി യുണൈറ്റഡ് യൂണിയൻ പ്രസിഡന്റ് നിസാം ബക്ഷി, ഷംസുദ്ദീൻ, ഷാനി ചൂളുർ, ഐ.എൻ.ടി.യു.സി ഭാരവാഹികളായ നൗഷാദ്, പൂക്കുഞ്ഞ്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇസഹാക്ക് സ്വാഗതം പറഞ്ഞു.

തുടർന്ന്, വെളുത്തമണലിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയായി ഇസ്മയിൽ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.