മെഡിക്കൽ റപ്പുമാർക്ക് വിലക്ക്, പ്രതിഷേധം ശക്തം

Thursday 05 June 2025 12:46 AM IST

ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ മെഡിക്കൽ റെപ്രസെന്ററ്റീവുമാർ നേരിട്ടെത്തി ഡോക്ടർമാരെ കാണുന്നത് വിലക്കിയതിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി മെഡിക്കൽ റെപ്രസെന്ററ്റീവുമാർ. കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്ററ്റീവ്സ് അസോസിയേഷന്റെ (കെ.എം.എസ്.ആർ.എ) നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കും. തലസ്ഥാനത്ത് ജി.പി.ഒയ്ക്ക് മുന്നിൽ വൈകിട്ട് 5നാണ് പ്രതിഷേധം. ആദ്യഘട്ടമായി രാജ്യത്തെ 23581 കേന്ദ്രസർക്കാർ ആശുപത്രികളിൽനിന്ന് റപ്പുമാരെ ഒഴിവാക്കിയ ശേഷം സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകുമെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികൾക്കും റപ്പുമാരെ വിലക്കാം. ഇതോടെ ലക്ഷക്കണക്കിനാളുകൾ തൊഴിൽ രഹിതരാകും. വൻകിട കമ്പനികൾക്ക് വേണ്ടിയാണ് കേന്ദ്രം ഇത്തരമൊരു ഉത്തരവിറക്കിയതെന്നും ആക്ഷേപമുണ്ട്.

 ഇമെയിൽ വഴി മാത്രം

ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് സ്മിത ശർമ്മയാണ് റപ്പുമാരെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് ആശുപത്രികളുടെ തലവന്മാർക്ക് കൈമാറിയത്. രോഗികളെ ചികിത്സിക്കുന്ന സമയം നഷ്ടപ്പെടുത്തുന്നെന്നും ഡോക്ടർമാരും ഫാർമസി കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബന്ധം തടയുന്നതിനുമാണ് നടപടിയെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

ഇമെയിൽ ഉൾപ്പടെയുള്ള ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ മാത്രമേ മെഡിക്കൽ റെപ്രസെന്ററ്റീവുമാർ സർക്കാർ ഡോക്ടർമാർക്ക് മരുന്നുകളുടെ വിവരങ്ങൾ അറിയിക്കാവൂ എന്നും ഉത്തരവിലുണ്ട്.

വലിയപ്രത്യാഘാതങ്ങളുണ്ടാക്കുന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരും.

-പ്രദീപ്കുമാർ.എ.വി

ജോയിന്റ് ജനറൽ സെക്രട്ടറി

കെ.എം.എസ്.ആർ.എ