എറണാകുളത്തിന് എൻ.എസ്.കെ ട്രോഫി

Wednesday 04 June 2025 11:59 PM IST

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷന്റെ എൻ.എസ്.കെ ട്വന്റി-20 ടൂർണ്ണമെന്റിൽ എറണാകുളം ജില്ല ചാമ്പ്യന്മാർ. ഫൈനലിൽ കംബൈൻഡ് ഡിസ്ട്രിക്ട്സിനെ ഒൻപത് വിക്കറ്റിനാണ് എറണാകുളം തോല്പിച്ചത്. മഴയെ തുടർന്ന് വി.ജെ.ഡി നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. ആദ്യം ബാറ്റ് ചെയ്ത എറണാകുളം 19.2 ഓവറിൽ ആറ് വിക്കറ്റിന് 125 റൺസെടുത്ത് നിൽക്കേ മഴ കളി തടസപ്പെടുത്തി. തുടർന്ന് എറണാകുളത്തിന്റെ വിജയലക്ഷ്യം അഞ്ചോവറിൽ 44 റൺസായി പുതുക്കി നിശ്ചയിച്ചു. 2.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ എറണാകുളം ലക്ഷ്യത്തിലെത്തി.

പത്ത് പന്തുകളിൽ 39 റൺസുമായി പുറത്താകാതെ നിന്ന എറണാകുളത്തിന്റെ കെ.ആർ രോഹിതാണ് മാൻ ഒഫ് ദ മാച്ച്. കംബൈൻഡ് ഡിസ്ട്രിക്ട്സിന്റെ പതിനാറുകാരൻ ബാറ്റർ മാനവ് കൃഷ്ണയാണ് പ്രോമിസിംഗ് യംഗ് സ്റ്റാർ. തിരുവനന്തപുരത്തിന്റെ അഭിഷേക് .ജെ.നായർ ടൂർണ്ണമെന്റിലെ മികച്ച ബാറ്ററായും എറണാകുളത്തിന്റെ വി അജിത്ത് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. തൃശൂരിന്റെ എൻ.എം ഷറഫുദ്ദീനാണ് പ്ളേയർ ഒഫ് ദ ടൂർണമെന്റ്.