ഹയർ സെക്കൻഡറിക്ക് സീറ്റ് ക്ഷാമമില്ല: മന്ത്രി ശിവൻകുട്ടി

Thursday 05 June 2025 12:59 AM IST

തിരുവനന്തപുരം:ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിൽ സംസ്ഥാനത്ത് എവിടെയും സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പ്ലസ് വൺ സീറ്റുകൾ അധികമാണെന്നും പ്രവേശന നടപടി കുറ്റമറ്റ രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കൊട്ടിയത്ത് മുടി നീട്ടിവളർത്തിയതിന്റെ പേരിൽ പ്ളസ്ടു വിദ്യാർത്ഥികളെ ക്ളാസിൽ നിന്നിറക്കിവിട്ട സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കും.അച്ചടക്കത്തിന്റെ പേരിൽ ഇത്തരം കാടത്ത നിലപാട് അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.ബസ് ചാർജ് അടയ്ക്കാത്തതിന് വിദ്യാർത്ഥിയെ ബസിൽ നിന്നിറക്കിവിട്ട സംഭവത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തും.സ്‌കൂൾ ബസിൽ രണ്ട് ദിവസം കുട്ടി വന്നില്ലെന്ന് കരുതി ഇറക്കിവിടാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്കൂൾ സമയം; സംഘടനകളുമായി ചർച്ച സ്‌കൂൾ പ്രവൃത്തിസമയം അരമണിക്കൂർ അധികമാക്കി പരിഷ്‌കരിച്ചതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അദ്ധ്യാപക സംഘടനകളുമായി ചർച്ച ചെയ്യും.രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടിയതിൽ എൽ.പി, യു.പി വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ഈ ആഴ്ച തന്നെ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു.