ഗഡ്കരിയുടെ ഉറപ്പ് , എൻ.എച്ച് 66 പുതുവത്സര സമ്മാനം
ന്യൂഡൽഹി: നിർമ്മാണപ്പിഴവിനെ തുടർന്ന് പ്രതിസന്ധിയിലായ ദേശീയപാത 66 ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുടെ ഉറപ്പ്. കഴക്കൂട്ടം മുതൽ കാസർകോടുവരെയാണ് പൂർത്തിയാകാനുള്ളത്.
ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഉറപ്പ് ലഭിച്ചത്. ദേശീയപാത പുതുവത്സര സമ്മാനമായിരിക്കുമെന്ന് ഗഡ്കരി അറയിച്ചതായി റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ അപാകതയും പരിഹരിക്കും. നിർമ്മാണം യാതൊരു കാരണവശാലും നീളില്ല. സംസ്ഥാനം എല്ലാ പിന്തുണയും നൽകും. ചില റീച്ചുകളിൽ ഒഴികെ നിർമ്മാണം നല്ല നിലയിലാണ് നടക്കുന്നതെന്ന് റിയാസ് പറഞ്ഞു.
14 റോഡുകൾക്കുള്ള 6,700 കോടിയുടെ പരിഷ്‌കരിച്ച നിർദ്ദേശം കേരളം സമർപ്പിച്ചു. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി.തോമസ്, ചീഫ് സെക്രട്ടറി എ.ജയതിലക്, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കൂടിയാട് 360 മീറ്റർ വയഡക്ട്
കൂരിയാട് ദേശീയപാത തകർന്നയിടത്ത് നാലു മാസത്തിനുള്ളിൽ 360 മീറ്റർ വയഡക്‌ട് നിർമ്മിക്കും. ഇതിന് കരാർ കമ്പനി 80കോടി ചെലവിടും. ദേശീയപാത പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനങ്ങൾക്ക് നിയന്ത്രണം വരുമോയെന്നതിൽ വ്യക്തത വരേണ്ടതുണ്ട്. അലൈൻമെന്റും നിർമ്മാണവും അടക്കം ദേശീയപാതാ അതോറിട്ടിയുടെ നേതൃത്വത്തിലാണ് നടന്നത്. സ്ഥലമേറ്റെടുപ്പിൽ മാത്രമാണ് സംസ്ഥാനത്തിന് റോളെന്ന് റിയാസ് ആവർത്തിച്ചു.
തിരു. ഔട്ടർ റിംഗ് റോഡ്
അന്തിമ ഉത്തരവ് ജൂലായിൽ
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് (ജൂലായിൽ അന്തിമ ഉത്തരവ്)
പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് (ജൂലായിൽ അന്തിമ ഉത്തരവ്)
കൊല്ലം- ചെങ്കോട്ട ഗ്രീൻഫീൽഡ് (സെപ്‌തംബറിൽ അന്തിമ ഉത്തരവ്)
എറണാകുളം ബൈപ്പാസ് (നടപടി ആറുമാസത്തിനകം)
കോഴിക്കോട് വിമാനത്താവളം- രാമനാട്ടുകര വീതി കൂട്ടലിന് അംഗീകാരം
ദേശീയപാതയെ പാലാരിവട്ടം പാലവുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയ പ്രസ്‌താവന സമൂഹ്യപ്രവർത്തകന് യോജിച്ചതല്ല. സുംബാ ഡാൻസ് കളിക്കും പോലെയാണ് സംസാരിച്ചത്
- മുഹമ്മദ് റിയാസ്,
പൊതുമരാമത്ത് മന്ത്രി
ഓവുപാലം ഇടിഞ്ഞു താഴ്ന്നു
തിരൂരങ്ങാടി: കോഴിക്കോട്- തൃശൂർ ദേശീയപാത 66ൽ തലപ്പാറയ്ക്കടുത്ത് മെയിൻ റോഡിലെയും സർവീസ് റോഡിലെയും വെള്ളം ഒഴുക്കാനായി നിർമ്മിച്ച ഓവുപാലത്തിന്റെ അടിഭാഗം ഇടിഞ്ഞുതാഴ്ന്നു. ഓവുപാലത്തിനും പൊട്ടൽ സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം. റോഡ് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ ഓവുപാലത്തിന്റെ അടിയിൽ പോവുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടത്. പശ ഒട്ടിച്ച് ഒട്ടിക്കാൻ ശ്രമിച്ച തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു. തുടർന്ന് ദേശീയപാത അധികൃതരെ വിവരമറിയിച്ചു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.