വടക്കുന്നാഥ സന്നിധിയിൽ മുത്തശ്ശിയാലിന് പുനർജനി

Thursday 05 June 2025 12:03 AM IST

തൃശൂർ: ചിതയൊരുക്കി സംസ്കരിക്കാനിരിക്കെ ജീവന്റെ പുതുനാമ്പ് മുളച്ച അരയാൽ മുത്തശ്ശിക്ക് സുഖചികിത്സ. വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തെ വൻമരമാണ്. ഒരു നൂറ്റാണ്ടോളം തൃശൂർ പൂരത്തിന്റെ ഉപചാരം ചൊല്ലലിന് സാക്ഷി. ചിതലും മറ്റു കീടങ്ങളും ഫംഗസും കാരണം മൂന്നുവർഷം മുൻപ് ചില്ലകൾ ഉണങ്ങി. കടപുഴകുമെന്ന നിലയിലായി. തിരക്കുള്ള സ്ഥലമായതിനാൽ ചില്ലകൾ വെട്ടിമാറ്റി. ക്ഷേത്രത്തിലെ മരമായതിനാൽ പിഴുതുമാറ്റി ആചാരപ്രകാരം സംസ്‌കരിക്കാൻ തയ്യാറെടുത്തു. ചിതയും പകരം നടാനുള്ള തൈയ്യും തയ്യാറാക്കി.

ദഹിപ്പിക്കാൻ ഒരുങ്ങിയപ്പോഴാണ് വടക്കുന്നാഥന്റെ കടാക്ഷം ശ്രദ്ധയിൽപ്പെട്ടത്. അവിടവിടെ പുതുനാമ്പുകൾ. കൊടുംവേനലിൽ തളിർത്ത് ചില്ലകളായി.

പുതുജന്മം കണ്ടറിയാൻ കേരള വന ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരെത്തി. ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കാൻ തീരുമാനിച്ചു. മഴക്കാലത്തു തന്നെ ചികിത്സ തുടങ്ങി. ഇന്ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചികിത്സയുടെ മൂന്നാംഘട്ടം ആരംഭിക്കും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ 'ദേവാങ്കണം ചാരുഹരിതം" പരിപാടിൽപ്പെടുത്തിയാണ് ചികിത്സ.

ട്രീ സർജറി

ആദ്യം മരത്തിന്റെ പ്രശ്‌നങ്ങൾ പരിശോധിക്കും. മഴയിൽ മരത്തിലുണ്ടാകാൻ ഇടയുള്ള ഫംഗസുകളെയും കീടങ്ങളെയും നശിപ്പിക്കും. മുറിച്ചു മാറ്റേണ്ട ഭാഗങ്ങൾ നീക്കും. വേരുകളെ ഉത്തേജിപ്പിക്കുന്ന ചികിത്സ നൽകും. പോഷണം കിട്ടാൻ പഞ്ചഗവ്യം നൽകും. ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്താണ് പഞ്ചഗവ്യം ഉണ്ടാക്കുന്നത്.

പേരാലും അത്തിയും ഇത്തിയും അരയാലിനോട് ചേർന്ന് നട്ടുപിടിപ്പിച്ചിരുന്നു. നാലുമരങ്ങളുടേയും കൂട്ടായ നാൽപ്പാമരം ഔഷധമാണ്. നാൽപ്പാമരം ഭാവിയിൽ അരയാലിന് താങ്ങായിത്തീരും. ഇതോടെ ശ്രീമൂലസ്ഥാനം മുഴുവൻ പടരുംവിധം ശാഖകളുണ്ടാകും.

 കൊമ്പുകളെ മുറിച്ചുമാറ്റി, വേരുപടലത്തിന് കരുത്ത് നൽകിയാണ് ആലിന് പുനരുജ്ജീവനം നൽകിയത്.

-ഡോ. കണ്ണൻ സി.എസ്.വാര്യർ, ഡയറക്ടർ,

കേരള വനഗവേഷണ കേന്ദ്രം, പീച്ചി

 പെട്ടെന്നുള്ള കാലാവസ്ഥാമാറ്റം താങ്ങാൻ മരങ്ങൾക്ക് കഴിയില്ല. അതുകൊണ്ടാണ് ഈ സമയത്ത് ചികിത്സ തുടങ്ങുന്നത് -ഡോ. പി.സുജനപാൽ,

സിൽവികൾച്ചർ വിഭാഗം മേധാവി,

വനഗവേഷണ കേന്ദ്രം