ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കാർലോസ്, കോക്കോ സെമിയിൽ

Thursday 05 June 2025 12:08 AM IST

പാരീസ് : മുൻനിര താരങ്ങളായ കാർലോസ് അൽക്കാരസും കോക്കോ ഗോഫും ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ സെമിയിലെത്തി. കഴിഞ്ഞരാത്രി നടന്ന പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ കാർലോസ് 6-0,6-1,6-4ന് അമേരിക്കൻ താരം ടോമി പോളിനെയാണ് കീഴടക്കിയത്. ഒരുമണിക്കൂർ 34 മിനിട്ട് നീണ്ട പോരാട്ടത്തിലാണ് കാർലോസിന്റെ ജയം. മറ്റൊരു പുരുഷ ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം ഫ്രാൻസിന് ടിയാഫോയെ നാലുസെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ച് ഇറ്റാലിയൻ താരം ലോറെൻസോ മുസേട്ടി അവസാന നാലിലെത്തി. സ്കോർ 6-2,4-6,7-5,6-2.

വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ സ്വന്തം നാട്ടുകാരി മാഡിസൺ കീസിനെ മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് അമേരിക്കൻ താരം കോക്കോ ഗൗഫ് സെമിയിലേക്ക് എത്തിയത്. 6-7(6-8),6-4,6-1. ആദ്യ സെറ്റിൽ ടൈബ്രേക്കർ വരെ പാെരുതി മുന്നേറിയ കീസിനെ അടുത്ത രണ്ടുസെറ്റുകളിലും പിടിച്ചുകെട്ടിയാണ് കോക്കോ വിജയിച്ചത്.