ഷഹബാസ് വധം: പ്രതികളായ വിദ്യാർത്ഥികൾക്ക് പ്ലസ്‌വൺ പ്രവേശനത്തിനെത്താം

Thursday 05 June 2025 12:31 AM IST

കൊച്ചി: കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ചു കൊന്ന കേസിൽ കുറ്റാരോപിതരായ സഹപാഠികൾക്ക് ഇന്ന് നടക്കുന്ന പ്ലസ് വൺ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ ഹൈക്കോടതിയുടെ അനുമതി. മൂന്ന് സ്കൂളുകളിലായി അലോട്ട്‌മെന്റ് ലഭിച്ച 6 പ്രതികൾക്ക് അവിടെ നേരിട്ടോ ഓൺലൈനായോ ഹാജരാകാൻ സൗകര്യമൊരുക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഇതിനായി ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5വരെ തടവിൽ ഇളവ് നൽകിയിട്ടുണ്ട്. ഇവരെ നേരിട്ട് സ്കൂളിൽ എത്തിക്കണമെങ്കിൽ മതിയായ സംരഷണം നൽകണമെന്ന് താമരശേരി എസ്.എച്ച്.ഒയോടും ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനോടും കോടതി നിർദ്ദേശിച്ചു.

ഇപ്പോൾ അലോട്മെന്റ് ലഭിച്ചവർക്ക് അഡ്മിഷൻ നേടാനുള്ള അവസാന തീയതി ഇന്നാണെന്നും നേരിൽ ഹാജരായില്ലെങ്കിൽ അവസരം നഷ്ടമാകുമെന്നും ഹർജിക്കാർ വാദിച്ചു. ഉപരിപഠനം നിഷേധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ ജാമ്യാപേക്ഷ വാദംകേട്ട് വിധി പറയാൻ മാറ്റിയിട്ടുള്ളതാണ്. സ്കൂൾ പ്രവേശനം സമയബന്ധിതമാണ്. ഈ സാഹചര്യത്തിൽ ഒരു പരിമിത സമയത്തേക്ക് ഇളവ് അനുവദിക്കാവുന്നതാണ്. അല്ലെങ്കിൽ അവരുടെ ഭാവിയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. പ്രതികളെ പുറത്തിറക്കുന്നതിന് ആവശ്യമെങ്കിൽ രക്ഷിതാക്കളുടെ വ്യക്തിഗത ബോണ്ട് വാങ്ങാമെന്നും നിർദ്ദേശിച്ചു.

ഇതു വരെ പഠിച്ച വിദ്യാലയത്തിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റും സ്വഭാവ സർട്ടിഫിക്കറ്റും നൽകിയിട്ടില്ലെന്ന് ഹർജിക്കാർ അറിയിച്ചു. ഇതിനും നേരിൽ ഹാജരാകേണ്ടതുണ്ടെന്ന് വാദിച്ചു. എന്നാൽ ഇവർക്കു പകരം രക്ഷിതാക്കൾ ഹാജരായാലും സർട്ടിഫിക്കറ്റ് നൽകുമെന്ന് സർക്കാർ അറിയിച്ചു. .