ബി.ജെ.പി മാർച്ചും ധർണയും
Thursday 05 June 2025 12:42 AM IST
പടിഞ്ഞാറേ കല്ലട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി പ്രവർത്തകർ പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഒരാഴ്ചയിലധികമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായിട്ടും പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്താത്ത ഭരണസമിതിയുടെ നടപടിയിലും ഓടകൾ നിർമ്മിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിലും കുടിവെള്ള വിതരണം കാര്യക്ഷമമാക്കാത്തതിലും പ്രതിഷേധിച്ചാണ് ബി.ജെ.പി പടിഞ്ഞാറേ കല്ലട പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഈ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
ബി.ജെ.പി ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷനായി. ജി. ശശികുമാർ, മിനി ശിവരാമൻ, രാജേന്ദ്രൻ തയ്യിൽ, എം. സജീവ്, ഓമനക്കുട്ടൻ പിള്ള, അനിൽകുമാർ, ശിവരാമൻ എന്നിവർ സംസാരിച്ചു.