ആയി​രം അരയാൽ മരങ്ങളും അലൈയ്ൻ എറിക് ലാലും!

Thursday 05 June 2025 12:46 AM IST
അലൈയ്ൻ എറിക് ലാൽ

ആൽമരങ്ങളെ പ്രണയിക്കുന്ന 14കാരൻ

കൊല്ലം: സംസ്ഥാനത്തി​ന്റെ വി​വി​ധ ഭാഗങ്ങളി​ലായി​ അലൈയ്ൻ എറിക് ലാൽ എന്ന പതിനാലുകാരൻ നട്ടുപിടിപ്പിച്ചത് ആയിരത്തിലധികം ആൽമരങ്ങൾ! അതും, സ്വന്തമായി​ ഉത്പാദി​പ്പി​ച്ച തൈകൾ നട്ടുകൊണ്ട്.

കൊല്ലം മീയ്യണ്ണൂ‌ർ ഡൽഹി പബ്ളിക് സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ് കൊല്ലം മാടൻനട സഞ്ചാരിമുക്ക് പ്രാണയിൽ ഡോ.മോഹൻലാൽ- ഡോ.ദേവീരാജ് ദമ്പതികളുടെ മകൻ അലൈയ്ൻ എറിക് ലാൽ. ഇക്കഴിഞ്ഞ അവധിക്കാലത്ത് നട്ട തൈകളിലും പുതിയ ഇലകൾ വന്നുതുടങ്ങിയിട്ടുണ്ട്. പടർന്നുപന്തലിച്ച ഒരു ആൽമരം കൊല്ലം തോടിന്റെ വികസനവുമായി ബന്ധപ്പെട്ട് വെട്ടിമുറിക്കുന്നത് കണ്ടപ്പോൾ, അന്ന് എട്ടുവയസുകാരനായ അലൈയ്ന്റെ മനസ് നൊന്തു. അന്നുറങ്ങാൻ കഴിഞ്ഞില്ല. പകരമൊരു ആൽമരം നടാൻ മനസ് വെമ്പി. ഏറെ പണിപ്പെട്ടാണ് ഒരു തൈ കണ്ടെത്തി നട്ടത്. പിന്നെ തൈകളുടെ ശേഖരണം തുടങ്ങിയെങ്കിലും വിജയിച്ചില്ല. മരത്തിന്റെ കൊമ്പ് ചെറു കഷണങ്ങളാക്കി നട്ടുനോക്കി. അതെല്ലാം വേരുമുളച്ച്, ഇലകിളിർത്തു. പിന്നെ പല ഘട്ടങ്ങളിലായി മൂവായിരം കമ്പുകൾ നട്ടു, ചിലത് നശി​ച്ചെങ്കി​ലും ആയിരം തൈകൾ ഉത്പാദിപ്പിച്ചു.

ആറുവരിപ്പാതയോരത്ത്

ആയിരം തൈകകൾ

ദേശീയപാതയോരത്തായി മുന്നൂറിൽപ്പരം ആൽമരത്തൈകൾ അലൈയ്ൻ നട്ടുപിടിപ്പിച്ചിരുന്നു. ആറുവരി പാതയാക്കുന്ന വികസനമെത്തിയപ്പോൾ ഈ തൈകളെല്ലാം നശിപ്പിക്കപ്പെട്ടു. ഇതിനെതിരെ നാഷണൽ ഹൈവേ അതോറിട്ടി​ക്ക് അലൈയ്ൻ കത്തെഴുതി. ആറുവരിപ്പാത പൂർത്തിയാകുന്നതോടെ തൈകൾ നടുന്നതിന് അനുവാദം തരാമെന്ന് അതോറിട്ടി​ ഔദ്യോഗികമായിത്തന്നെ ഉറപ്പും നൽകി. ആൽമരങ്ങളോട് മാത്രമല്ല കമ്പം. ഫലവൃക്ഷങ്ങളടക്കം എല്ലാത്തരം മരങ്ങളും വച്ചുപിടിപ്പിക്കാറുണ്ട്. വീടിന്റെ ടെറസിൽ അലൈയ്ന് സ്വന്തമായി ചെറുവനമുണ്ട്. ഇതിൽ മാവും പ്ളാവുമടക്കം അറുപത് മരങ്ങളാണ് നട്ടുവളർത്തുന്നത്.

ഹാർട്ട് ഫോർ എർത്ത്

58 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 'ഹാർട്ട് ഫോർ എർത്ത്' എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ സംഘടന സ്ഥാപിച്ചാണ് ഈ വലിയ ദൗത്യം ചെറുപ്രായത്തിൽ ഏറ്റെടുത്തത്. നിരവധി കാമ്പയിനുകൾ സംഘടന ഏറ്റെടുത്തു, അഞ്ചര ലക്ഷത്തിലധികം തൈകൾ ഗ്രീനത്തോൺ എന്ന ഒറ്റ ക്യാമ്പയിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചു. ദി ലോസ്റ്റ് വേൾഡ് ഒഫ് മോംസ്, കോവിഡ് ഡയറി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം, പ്രകൃതി രക്ഷാ പുരസ്കാരം, ഗ്രീൻ ഹീറോ-2021, ഡോ.എ.പി.ജെ. അബ്ദുൾ കലാം ഭൂമിമിത്ര പുരസ്കാരം, പ്രഥമ സുന്ദർലാൽ ബഹുഗുണ പരിസ്ഥിതി സമ്മാൻ എന്നിവയടക്കം ലഭിച്ചു. മുൻ ഗവർണർ ഡോ.ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ അതിഥിയായി ക്ഷണിച്ച് അനുമോദിച്ചിരുന്നു.

ഇനിയും ഒരുപാട് മരങ്ങൾ നട്ടുപിടിപ്പിക്കും. പച്ചപി​ടി​ച്ചി​ല്ലെങ്കി​ൽ വീണ്ടും നടും. ഇക്കാര്യത്തിൽ തോറ്റുപിന്മാറാൻ ഇല്ല. നിർമ്മാണം പൂർത്തിയായാൽ ദേശീയ പാതയോരത്ത് മരങ്ങൾ വച്ചുപിടിപ്പിക്കുന്ന ക്യാമ്പയിൽ ഏറ്റെടുക്കും

അലൈയ്ൻ എറിക് ലാൽ