ജില്ല പനിക്കിടക്കയിൽ

Thursday 05 June 2025 12:46 AM IST

രണ്ടാഴ്ചക്കിടെ പകർച്ചവ്യാധികൾ ബാധിച്ചത് 7,473 പേർക്ക്

കൊല്ലം: മഴ ശക്തമായതോടെ രണ്ടാഴ്ചക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 7,473 പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 663 പേരാണ് പനി ബാധിച്ച് കിടത്തി ചികിത്സയ്ക്ക് വിധേയരായത്.

കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്നത്. രാത്രി വൈകിയും കാഷ്വാലിറ്റികളിൽ പോലും രോഗികൾ എത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ കണക്കെടുത്താൽ രോഗസംഖ്യ ഇനിയും ഉയരും. ഈ കാലയളവിൽ 115 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും 68 പേർക്ക് ചിക്കൻപോക്സും 4 പേർക്ക് മലേറിയയും 48 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. കൊതുക് പെരുകാതിരിക്കാൻ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുകയാണ് ഡെങ്കിപ്പനിയും മറ്റും പടരാതിരിക്കാൻ ചെയ്യേണ്ടത്. മലിനജലവുമായി ബന്ധപ്പെടുന്നവർക്കാണ് എലിപ്പനി ബാധയുണ്ടാകുന്നത്.

കാലാവസ്ഥ വില്ലൻ

# കാലാവസ്ഥയിലെ വ്യതിയാനം പകർച്ച വ്യാപനത്തിന് കാരണം

# ചൂട് കൂടുന്നതും ഇടവിട്ട് പെയ്യുന്ന മഴയും ഡെങ്കി കൊതുകുകളെ വളരാൻ സഹായിക്കുന്നു # വെള്ളക്കെട്ടിലൂടെ എലിപ്പനി, ഡെങ്കിപ്പനി രോഗാണുക്കൾ വെള്ളത്തിൽ കലരും

# ഓടകളിലെ വെള്ളക്കെട്ടും കൊതുക് പെരുകാൻ ഇടയാക്കി

# വൈകിട്ടു മുതൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇരിക്കാൻ കഴിയാത്ത സ്ഥിതി

ചികിത്സ പ്രധാനം

സ്വയം ചികിത്സ ഒഴിവാക്കി എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

തടയാം അസുഖങ്ങളെ

# പരിസര ശുചീകരണം ഉറപ്പാക്കുക

# കൊതുകു നിർമാർജനം നടത്തണം

# പഴകിയ ഭക്ഷ്യപദാർത്ഥങ്ങൾ ഒഴിവാക്കണം

# പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണം

# തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

# സ്വയം ചികിത്സ ഒഴിവാക്കുക

....................................................

ചികിത്സ തേടിയവരുടെ എണ്ണം (മേയ് 19 മുതൽ ജൂൺ രണ്ടു വരെ)

പനി ബാധിതർ: 663

ഡെങ്കിപ്പനി: 115

എലിപ്പനി: 16

മലേറിയ: 4

ഹെപ്പറ്റൈറ്റിസ് എ: 48

ചിക്കൻപോക്സ്: 68