എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ... സമാധാനത്തോടെ ഉറങ്ങുക

Thursday 05 June 2025 1:01 AM IST

കൊച്ചി: "വിട കുഞ്ഞേ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ. സമാധാനത്തോടെ ഉറങ്ങുക. കൂടുതൽ പറയാൻ വാക്കുകളില്ല..." പ്രിയപ്പെട്ട ബാല്യകാലസഖിയുടെ വേർപാടിന്റെ വേദനയിൽ സിനിമാതാരം ശോഭന ഫേസ്ബുക്കിൽ കുറിച്ചു. ഭരതനാട്യം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും 38 വർഷം പ്രവർത്തിച്ച അമേരിക്കയിൽ നിര്യാതയായ അനിത മേനോനൊടൊപ്പമുള്ള ബാല്യകാലചിത്രം പങ്കുവച്ചാണ് ശോഭന ഫേസ്ബുക്കിൽ കുറിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ശോഭന കൂട്ടിച്ചേർത്തു. ശോഭനയെക്കാൾ മൂന്നുവയസിന് ഇളയവളായിരുന്നു അനിത.

അമേരിക്കയിൽ അഞ്ജലി സ്‌കൂൾ ഒഫ് ഡാൻസ് എന്ന നൃത്തവിദ്യാലയം നടത്തുകയായിരുന്ന അനിതമേനോൻ ബുധനാഴ്‌ചയാണ് നിര്യാതയായത്.

ചെറുപ്പത്തിൽ ചെന്നൈ മൈലാപ്പൂരിൽ അയൽവാസികളായിരുന്ന ഇരുവരും ഒരുമിച്ചാണ് നൃത്തം പഠിക്കാൻ പോയിരുന്നത്. 1994ൽ അമേരിക്കയിലെ പോർട്ട്ലാൻഡിലെത്തി. 24 വർഷത്തിനുശേഷം ഹൂസ്‌റ്റണിലേയ്‌ക്ക് താമസംമാറി. നൂറുകണക്കിനുപേരെ ഭരതനാട്യം അഭ്യസിപ്പിച്ചു. സംഗീതം,നാടകം എന്നിവയിലും തത്പരയായിരുന്നു. ഝാൻസിറാണി, മീരാഭായ്, ചിത്രാംഗദ എന്നീ ഇന്ത്യൻ ധീരവനിതകളെ ഭരതനാട്യത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ,പാശ്ചാത്യകഥകൾ ആധാരമാക്കി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2014ലെ നോർത്ത്‌ വെസ്റ്റ് ചിൽഡ്രൻസ് തിയേറ്റർ ഫെസ്‌റ്റിൽ ഏറ്റവുമധികം ടിക്കറ്റ് വരുമാനം നേടിയ "ദ ജംഗിൾ ബുക്ക്" ഉൾപ്പെടെ നാടകങ്ങളുടെ സഹസംവിധായിക, കൊറിയോഗ്രഫർ, കൾച്ചറൽ ലെയ്സൺ ഓഫീസർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.