സ്വാമി സത്യാനന്ദ തീർത്ഥപാദർ സമാധിയായി

Thursday 05 June 2025 1:03 AM IST

കൊച്ചി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ സന്യാസിയും ശ്രീരാമദാസമിഷൻ യൂണിവേഴ്‌സൽ സൊസൈറ്റി മാനേജിംഗ് കമ്മിറ്റി അംഗവും കൊച്ചി കലൂർ പാട്ടുപുരയ്ക്കൽ ശ്രീഭഗവതിക്ഷേത്രം ദേവസ്വം അധികാരിയുമായിരുന്ന സ്വാമി സത്യാനന്ദ തീർത്ഥപാദർ (59) സമാധിയായി. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സമാധി ചടങ്ങുകൾ ഇന്ന് രാവിലെ 11ന് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമവളപ്പിൽ നടക്കും. ഭൗതികശരീരം ഇന്നലെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

വാഴൂർ തീർത്ഥപാദ ആശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദരിൽ നിന്നാണ്

സന്യാസം സ്വീകരിച്ചത്. അയോദ്ധ്യ സുർവാരി ശ്രീരാമദാസ ആശ്രമത്തിൽ ഏഴുവർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറെക്കാലമായി ശ്രീരാമനവമി രഥയാത്രയുടെ കൺവീനറുമായിരുന്നു.

സ്വാമി സത്യാനന്ദ തീർത്ഥപാദരുടെ വിയോഗത്തിലൂടെ നഷ്ടമായത് ശ്രേഷ്ഠനായ യതിവര്യനെയാണെന്ന് ശ്രീരാമദാസമിഷൻ അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയും വേർപാട് തീരാനഷ്ടമാണെന്ന് മിഷൻ യൂണിവേഴ്‌സൽ സൊസൈറ്റി അദ്ധ്യക്ഷൻ എസ്. കിഷോർകുമാറും പറഞ്ഞു.