നരഭോജിക്കടുവയ്ക്കായുള്ള തെരച്ചിൽ 21 ദിവസം പിന്നിട്ടു സൈലന്റ് വാലി കയറിയെന്ന് സംശയം  ഇന്ന് 150 അംഗ സംഘം തെരച്ചിൽ നടത്തും

Thursday 05 June 2025 1:11 AM IST
കരുവാരക്കുണ്ട് മഞ്ഞൾ പാറയിൽ കടുവയ്ക്കായുള്ള തിരച്ചിൽ

കാളികാവ്: അടയ്ക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളി ഗഫൂറലിയെ പിടിച്ച കടുവയ്ക്കായുള്ള തെരച്ചിൽ 21 ദിവസം പിന്നിട്ടു.ഒരാഴ്ചയായി കടുവയെ ആരും കണ്ടിട്ടില്ല. 15 ദിവസം വരെ പലയിടങ്ങളിലായി കണ്ടെങ്കിലും അഞ്ച് ദിവസമായി കടുവയുടെ സാന്നിദ്ധ്യം മലവാരത്ത് സ്ഥിരീകരിക്കാനായിട്ടില്ല. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വ്യാപകമായ തെരച്ചിലിനാണ് വനം വകുപ്പ് പദ്ധതി തയ്യാറാക്കായിട്ടുള്ളത്. മുൻപ് സാന്നിദ്ധ്യം സ്ഥിരീകരിച്ച കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലെ തോട്ടം മേഖലയിൽ സർവ്വ സജ്ജരായ 150 പേരാണ് തെരച്ചിൽ നടത്തുന്നത്. വയനാട്, പാലക്കാട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്ന് തെരച്ചിലിൽ പങ്കെടുക്കാനുള്ളവർ ഇന്നലെ അടയ്ക്കാക്കുണ്ടിലെ ക്യാമ്പിൽ എത്തി.10 പേർ വീതമുള്ള 15 സംഘങ്ങളായിട്ടാണ് വ്യാപക തെരച്ചിൽ നടത്തുകയെന്ന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാൽ പറഞ്ഞു. രണ്ട് പഞ്ചായത്തുകളിലെ വിവിധ തോട്ടം മേഖലകളിലായി സ്ഥാപിച്ച നൂറിലേറെ ക്യാമറകളിൽ കടുവയുടെ ദൃശ്യം ഒരാഴ്ചയായി പതിഞ്ഞിട്ടില്ല. കടുവ തിരിഞ്ഞ് നടക്കാതെ നേരെ മുന്നോട്ട് നീങ്ങുന്നതാണ് ക്യാമറയിൽ പെടാതെ പോകുന്നതെന്നാണ് അധികൃതരുടെ നിഗമനം. കടുവ മുന്നോട്ടു നീങ്ങി സൈലന്റ് വാലിയിലേക്ക് പ്രവേശിക്കാനുള്ള സാദ്ധ്യതയുണ്ട്. വൻ സന്നാഹത്തോടെ നടത്തുന്ന തെരച്ചിലിലും കടുവയെ കാണുകയോ പിടികൂടുകയോ ചെയ്തില്ലെങ്കിൽ ഭീഷണി തൽക്കാലം ഒഴിഞ്ഞതായി കണക്കാക്കി തെരച്ചിൽ നിർത്തിവയ്ക്കുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

നിറുത്താതെ തെരച്ചിൽ

കരുവാവരക്കുണ്ട് പാന്ത്ര, കുണ്ടോട, കൽക്കുണ്ട്, ആനത്താനം തുടങ്ങിയ ഭാഗങ്ങളിൽ നേരത്തെ കടുവയെ നേരിട്ട് പലരും കണ്ടതാണ്.

എല്ലാഭാഗങ്ങളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദിവസങ്ങളായി എവിടെയും കണ്ടെത്തിയില്ല.

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കേരള എസ്റ്റേറ്റ്, പാന്ത്ര, സുൽത്താന എസ്റ്റേറ്റ്, മദാരിക്കുണ്ട്, മഞ്ഞൾപ്പാറ തുടങ്ങിയ ഭാഗങ്ങളിൽ എന്നും തെരച്ചിൽ നടന്നു വരുന്നുണ്ട്.

കടുവ സാന്നിദ്ധ്യം സ്ഥിരീകരിച്ച കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ രാത്രിയിൽ പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.