ശ്രാവണപുരാണം

Sunday 08 June 2025 4:36 AM IST

പൊന്നരഞ്ഞാണമെന്നപോൽ നാടിന്റെ

പൊക്കിളിൻതാഴെ പറ്റിക്കിടന്നൊരു

പോയകാലത്തിൻ നനവിന്നു നിളയെന്നു

പേരുനൽകി വിളിച്ചുചൊല്ലുന്നു ഞാൻ

ചിറകുകൾ വന്നു ചേരുന്നതിവിടെയോ..

ചിരിവിടർത്തുന്ന ചിങ്ങത്തിനരികിലോ

ചിരപുരാതന സ്‌മൃതികൾ വിതയ്‌ക്കുന്ന

ചിലരുമായുള്ള സൗഹൃദക്കരയിലോ

ഞാനലഞ്ഞ തരിശുകൾക്കക്കരെ

ഞാറ്റുകതിരുകൾ കാറ്റേറ്റു കുതറവേ

ഞായർ തെളിയുന്ന നേരത്തു വീണ്ടുമാ

ഞാണൊലിപ്പാട്ട് കേൾക്കുവാനാകുമോ

സൗമനസ്യങ്ങൾ പങ്കിട്ടെടുത്തു നാം

സ്‌‌നേഹമോലും അയൽപക്കമായതും

സഹനമെന്ന മൂന്നക്ഷരത്തികവിനാൽ

സമവസന്തത്തി, നഴകിൽ രമിച്ചതും

കുരിശുമുത്തലും, കുറിതൊട്ടു നിൽക്കലും

കുമ്പിടും ദിവ്യ നിസ്‌ക്കാരമേകലും

കേരനാടിന്റെ കലയെന്ന സത്യമാം

കവിതകൊണ്ടു കളമിട്ടു കൂടലും

കരളിലിപ്പൊഴും താലോലമാട്ടി ഞാൻ

കടലുതാണ്ടി വരികയായ് ചിങ്ങമേ

കുളിരു പെയ്യുന്ന കർക്കടകത്തിന്റെ

കവലയിൽ വന്നു നിൽക്ക നീ ഹൃദയമേ

പകുതിമാത്രമടയുന്ന കണ്ണില

പുഴകൾ പോലെയൊഴുകുന്ന തേനല

പുരികമെന്ന ശതാവരിയിലയുടെ

പുറമെ വന്നുമ്മ നൽകുന്നു കാറ്റല...!

(കവിയുടെ ഫോൺ: 94461 92777)​